അബുദാബി : പൊതു മാപ്പ് പ്രയോജനപ്പെടുത്തി നാട്ടിൽ പോകുന്ന പ്രവാസികൾക്ക് നോർക്ക-റൂട്സ് വഴി സൗജന്യ വിമാന ടിക്കറ്റ് നൽകണം എന്ന് അബുദാബി കെ. എം. സി. സി. ആവശ്യപ്പെട്ടു. പൊതു മാപ്പിന് അപേക്ഷ നൽകി എക്സിറ്റ് പാസ്സ് ലഭിച്ചു 14 ദിവസത്തിനകം രാജ്യം വിടണം എന്നതാണ് നിയമം. എന്നാൽ ഉയർന്ന നിരക്കിൽ സ്വന്തമായി വിമാന ടിക്കറ്റ് എടുത്തു ഈ കാലയളവിൽ നാട്ടിൽ പോകുക എന്നത് പലർക്കും സാധിക്കില്ല.
നാളിതു വരെ പല സംഘടനകളും ഉദാര മതികളായ സാമൂഹിക പ്രവർത്തകരുമാണ് ഇവർക്കുള്ള നിയമ സഹായവും അതോടൊപ്പം താമസവും ഭക്ഷണവും നൽകി വരുന്നത്. ഇനിയൊരു വിമാന ടിക്കറ്റ് കൂടി എടുത്തു നാടണയുക എന്നത് വളരെ വെല്ലു വിളി നിറഞ്ഞ കാര്യമാണ്. കൂടാതെ സാമ്പത്തിക കേസു കളിലും മറ്റും ഉൾപ്പെട്ട വർക്കു അത്തരം കേസുകൾ തീർപ്പാക്കിയാൽ മാത്രമേ പൊതു മാപ്പ് പ്രയോജന പ്പെടുത്താൻ സാധിക്കുകയുള്ളു.
പ്രവാസി ഉന്നമനം ലക്ഷ്യമിട്ടു രൂപീകരിച്ച നോർക്ക-റൂട്സ് ഈ അവസരത്തിൽ ഉണർന്നു പ്രവർത്തിക്കണം. പ്രവാസി കൾക്ക് വേണ്ടതായ നിയമ സഹായവും അതോടൊപ്പം സൗജന്യ ടിക്കറ്റും ലഭ്യമാക്കണം എന്നും സംസ്ഥാന കെ. എം. സി. സി. പ്രസിഡണ്ട് ശുക്കൂർ അലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി സി. എച്ച്. യൂസഫ്, ട്രഷറർ പി. കെ. അഹമ്മദ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പൊതു മാപ്പുമായി ബന്ധപ്പെട്ട കെ. എം. സി. സി. ഹെല്പ് ഡസ്ക് സേവനങ്ങൾക്ക് : 050 826 4991, 056 882 9880