ദുബായ് : പ്രേരണ യു. എ. ഇ. ദയറ – ഹോര്‍ലാന്‍സ് യൂണിറ്റ് രൂപീകരണവും ഓണാഘോഷ പരിപാടിയും കരാമ കോണ്ടിനെന്‍റല്‍ സ്റ്റാര്‍ റെസ്റ്റോറെന്റ് ഹാളില്‍ വെച്ച് സെപ്തംബര്‍ 17ന് നടന്നു. പരിപാടി പ്രശസ്ത മലയാളം സിനിമാ സംവിധായകന്‍ പ്രദീപ് ചൊക്ലി ഉദ്ഘാടനം നിര്‍വഹിച്ചു. എം. പി. മുകുന്ദന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശശി. ഇ. പി. സ്വാഗതം പറഞ്ഞു.
പ്രേരണയുടെ സമീപന രേഖയില്‍ ഊന്നി നിന്നു കൊണ്ട് സംഘടനയുടെ കേന്ദ്ര കമ്മറ്റി സെക്രട്ടറി പ്രദോഷ് കുമാര്‍ സംസാരിച്ചു. വിവിധ സാമ്പത്തിക കാരണങ്ങളാല്‍ സ്വന്തം സാംസ്കാരിക ധാരയില്‍ നിന്നും പലായനം ചെയ്യപ്പെട്ട് ഇവിടെ എത്തി ച്ചേര്‍ന്നിരിക്കുന്ന മലയാളികളുടെ, അവന്‍ എത്തി ച്ചേര്‍ന്നിരിക്കുന്ന ബഹുസ്വരമായ സാംസ്കാരിക അവസ്ഥയില്‍ മറ്റു ഭാഷാ സംസ്കാരങ്ങളോട് ഇടപഴകാനും പുതിയ സംസ്കാരത്തില്‍ വേരുറപ്പിക്കാനും ഉതകുന്ന, സാംസ്കാരിക പ്രതിരോധത്തിലൂടെ അവരെ ആശയങ്ങളുടെ ലോകത്തേക്ക് അടുപ്പിക്കാനുള്ള ഒരു സാംസ്കാരിക പ്രവര്‍ത്തനമാണ് പ്രേരണ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ വിട്ടു വന്ന കേരള സംസ്കാരത്തെ അതേ പടി പുതിയ സാഹചര്യത്തില്‍ പറിച്ചു നടാനും അതിനു കഴിയാത്ത തിനാലുണ്ടാകുന്ന ഗൃഹാതുരത്വവും, അത് സൃഷ്ടിക്കുന്ന പ്രതിലോമ ചിന്തകളുടെയും സ്ഥാനത്ത് പുരോഗമന പരമായ ആശയങ്ങളുടെയും സഹവര്‍ത്തി ത്വത്തിന്റെയും സഹ വാസത്തിന്റെയും പുതിയ തിരിച്ചറിവുകള്‍, സമകാലീനമായ സാംസ്കാരിക അന്തരീക്ഷത്തിലൂടെ സൃഷ്ടിച്ചെടുക്കാനാണ് പ്രേരണ ശ്രമിക്കുന്നത്. വിവിധ മതങ്ങളുടെ പേരിലും ജാതി – ഉപജാതികളുടെ പേരിലും, മറ്റു പ്രാദേശിക ചിന്തകളുടെ പേരിലും സംഘടിപ്പിക്കപ്പെട്ട് കിടക്കുന്ന പ്രവാസി സമൂഹത്തെ സാമ്രാജ്യത്വ വിരുദ്ധമായ, മതേതരവും ജാതി – ഉപജാതി വിരുദ്ധവും, പ്രാദേശിക ചിന്തകള്‍ക്ക് അതീതവുമായ ഒരു ബൃഹത്താവി ഷ്കാരത്തിന്റെ സംസ്കാരം പകര്‍ന്ന് കൊടുക്കാനാണ് പ്രേരണ നിലകൊള്ളുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു.
തുടര്‍ന്ന് യൂനിറ്റ് ഭാരവാഹികളായി സെക്രട്ടറി ശശി ഇ. പി., പ്രസിടന്റ്റ് സുരേഷ് തെണ്ടല്‍കണ്ടി, ജോ. സെക്രട്ടറി സത്യന്‍ കണ്ടോത്ത്, വൈ. പ്രസിഡന്റ് രാജേഷ്, ട്രഷറര്‍ പി. വി. പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തില്‍ 10 അംഗ കമ്മറ്റി തിരഞ്ഞെടുത്തു. പ്രേരണ കേന്ദ്ര കമ്മറ്റി പ്രസിഡന്‍റ് ഡോ. അബ്ദുള്‍ ഖാദര്‍, കേന്ദ്ര കമ്മറ്റി അംഗം രാജീവ് ചേലനാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
പ്രശസ്ത ഡോക്യൂമെന്ററി സംവിധായ കനായിരുന്ന ശരത് ചന്ദ്രന്‍ സംവിധാനം ചെയ്ത പ്ലാച്ചിമട സമരത്തെ കുറിച്ചുള്ള “1000 ഡേയ്സ് ആന്‍റ് എ ഡ്രീം” എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയും വിവിധ കലാ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.