ദുബായ് : സലഫി ടൈംസ് സില്‍വര്‍ ജൂബിലി ആഘോഷ ങ്ങളോടനുബന്ധിച്ച് കേരള റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം) “ലോക വായനാ വര്‍ഷം” ആചരിക്കുന്നതിന്റെ ഭാഗമായി “സലഫി ടൈംസ്” റമദാന്‍ സ്പെഷല്‍ ഓണ്‍ലൈന്‍ എഡിഷന്റെ പ്രകാശനം പൊളിറ്റിക്കല്‍ കുട്ടി എന്നറിയപ്പെടുന്ന എ. കെ. ഹാജി ദുബായ് ഖിസൈസില്‍ വെച്ച് നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു.
25 വര്‍ഷത്തോളം മുടങ്ങാതെ വായനക്കാരില്‍ എത്തിച്ച സൌജന്യ അറിവിന്റെ നിധിയായ സലഫി ടൈംസ് എന്ന മിനി പത്രത്തിന് വ്യാപകമായ സ്വീകാര്യതയുണ്ടെന്നും, ഓണ്‍ലൈന്‍ പതിപ്പ് വഴി ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും വിജ്ഞാന ശകലം നുകരാന്‍ കഴിയുമെന്നും പൊളിറ്റിക്കല്‍ കുട്ടി പറഞ്ഞു.
ആദ്യ കാല പ്രവാസിയും, അന്നത്തെ ഭരണ കര്‍ത്താക്കളായ ബ്രിട്ടീഷുകാരുടെ നയതന്ത്ര സ്ഥാപനമായ ‘ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഏജന്‍സി’ യില്‍ അഡ്മിനിസ്ട്രേഷന്‍ മാനേജരു മായിരുന്ന പൊളിറ്റിക്കല്‍ കുട്ടി തന്റെ അറബ് നാട്ടിലെ സൌഹൃദം പുതുക്കുവാനായി യു. എ. ഇ. യില്‍ ഹ്രസ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു.
ഒ. എസ്. എ. റഷീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ “അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം” – All India Anti-Dowry Movement – പ്രസിഡണ്ട് കെ. എ. ജബ്ബാരി, e പത്രം ചീഫ് എഡിറ്റര്‍ ജിഷി സാമുവല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ ജനപ്രീതി കണക്കിലെടുത്താണ് സലഫി ടൈംസ് ഓണ്‍ലൈന്‍ എഡിഷന്‍ ആരംഭിക്കുന്നത് എന്ന് പത്രാധിപരായ കെ. എ. ജബ്ബാരി പറഞ്ഞു.
അര മണിക്കൂര്‍ ഇടവിട്ട് വാര്‍ത്താ ബുള്ളറ്റിന്‍ ഇറക്കാന്‍ നെട്ടോട്ടമോടുകയും, വല്ലാത്ത വാര്‍ത്തയും ഇല്ലാത്ത വാര്‍ത്തയും പടച്ചുണ്ടാക്കുകയും, പ്രമുഖരുടെ സ്വകാര്യ ജീവിതത്തിലേക്ക് കാമറയുമായി ചെന്ന് എത്തി നോക്കി വാര്‍ത്തയാക്കുകയും, ഒരേ വാര്‍ത്ത തന്നെ പല രീതിയില്‍ ചര്‍ദ്ദിക്കുകയും ചെയ്യുന്ന സമകാലീന ചാനല്‍ മാധ്യമ പ്രവര്‍ത്തന ശൈലിയില്‍ വിശ്വാസം നഷ്ടപ്പെട്ട മലയാളി സത്യസന്ധമായ വാര്‍ത്തകള്‍ക്ക് ഓണ്‍ലൈന്‍ പത്രങ്ങളെയാണ് ആശ്രയിക്കുന്നത്.
എന്നാല്‍ ഇപ്പോഴും ഈ സത്യത്തിനു നേരെ മുഖം തിരിച്ചു പിടിച്ചു നില്‍ക്കുകയാണ് പല മാധ്യമ കൂട്ടായ്മകളുടെ മേലാളന്മാരും. പുതിയതിനെ സ്വീകരിക്കാനുള്ള വിമുഖത ഉപേക്ഷിച്ച് കാലത്തിനൊപ്പം മുന്നേറാന്‍ “പുരോഗമന” മാധ്യമങ്ങള്‍ക്ക് പോലും കഴിയാത്ത അവസ്ഥ പലപ്പോഴും അവ കൈകാര്യം ചെയ്യുന്നവരുടെ “പിന്നോക്കാവസ്ഥ” മൂലമാണ് ഉണ്ടാവുന്നത് എന്നത് കമ്പ്യൂട്ടര്‍ വല്‍ക്കരണത്തെ എതിര്‍ത്ത ചരിത്രാനുഭവം നമ്മെ പഠിപ്പിച്ചതാണ്. പുതിയതിനോടുള്ള ഇത്തരം അടിസ്ഥാന രഹിതമായ ഭീതിയെ കൈനോറ്റോഫോബിയ (cainotophobia) എന്നാണ് ആധുനിക മനശാസ്ത്രത്തില്‍ വിളിക്കുന്നത്.
ഇതേ പിന്തിരിപ്പന്‍ നയം തന്നെ ഇന്നും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കാര്യത്തിലും ഇവര്‍ തുടരുന്നു. സ്വന്തം ബലഹീനതകള്‍ മറച്ചു വെയ്ക്കാനുള്ള തത്രപ്പാടും, സ്വന്തം നിലനില്‍പ്പിന് ഭീഷണിയാവും ഇത്തരം നവീന സങ്കേതങ്ങള്‍ എന്ന ആധിയുമാണ് ഇത്തരക്കാരെ അലട്ടുന്നത്. സ്വന്തം തട്ടകത്തിന് പുറത്തേയ്ക്ക് കാലു കുത്താന്‍ കെല്‍പ്പില്ലാത്ത ഇക്കൂട്ടര്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ നിഷ്പ്രഭരാവുക തന്നെ ചെയ്യും. ഇത്തരുണത്തില്‍ ഓണ്‍ലൈന്‍ എഡിഷനുമായി സധൈര്യം മുന്നോട്ട് വന്ന സലഫി ടൈംസ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഒരു “കുട്ടി” നടന്ന വഴികളിലൂടെ – ഒ.എസ്.എ. റഷീദ്