ദുബായ് : പുരുഷ കേന്ദ്രീകൃത മൂല്യ വ്യവസ്ഥയില്‍ ജീവിതത്തിന്റെ എല്ലാ തുറയിലും വിവേചനങ്ങളും ചൂഷണങ്ങളും അനുഭവിക്കുന്ന സ്ത്രീയുടെ വിമോചനം പുരുഷ സമൂഹത്തോടുള്ള യുദ്ധ പ്രഖ്യാപനത്തിലൂടെ അല്ലെന്നും, ബോധാവല്‍കൃത സമൂഹത്തിന്റെ സാകല്യത്തിലുള്ള വികാസമാണ് സ്ത്രീ ശാക്തീകരണത്തിന് വഴി ഒരുക്കുന്നത് എന്നും ലോക വനിതാ ദിനത്തോടനുബന്ധിച്ച് ദല വനിതാ വിഭാഗം സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. “സ്ത്രീ വിമോചനവും സമകാലിക സമൂഹവും” എന്നതായിരുന്നു സെമിനാര്‍ വിഷയം.
ഉന്നത വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും നേടി ഇരു കൈകളിലും ആയുധം അണിഞ്ഞ പുതിയ തലമുറ വളര്‍ന്നു വരുമ്പോള്‍, സ്ത്രീ സമൂഹത്തിന് മാത്രമായി മാറ്റി വെച്ച അടുക്കള പരിശീലനത്തില്‍ ആണ്‍ കുട്ടികളെ കൂടി പ്രാപ്തരാക്കുകയാണ് സ്ത്രീ ശാക്തീകരണത്തിന് പുതിയ വഴി ഒരുക്കുകയെന്നു മുഖ്യ പ്രഭാഷക ടി. റൂഷ് മെഹര്‍ ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള കൈയ്യേറ്റങ്ങളും പെരുകി ക്കൊണ്ടിരിക്കുമ്പോള്‍ ഛിദ്ര ശക്തികള്‍ക്ക് ഏതു ദിശയിലേക്കും തിരിച്ചു വിടാന്‍ പാകത്തില്‍ കുഞ്ഞുങ്ങള്‍ ജന്മമെടുക്കുന്ന ജീവിത സാഹചര്യമാണ് മാറ്റി എടുക്കേണ്ടത്. വയനാട് പുല്‍പ്പള്ളിയില്‍ മൊഴി ചൊല്ലപ്പെട്ട 700 സ്ത്രീകളുടെ ദുരന്ത കഥ അത്തരത്തില്‍ സമൂഹ ജാഗ്രത ഉണര്‍ത്തേണ്ട ഒരു സംഭവമാണെന്നും റൂഷ് മെഹര്‍ ഓര്‍മ്മിപ്പിച്ചു.
ഉള്ളില്‍ തീ കോരിയിടുന്ന സ്ത്രീ പീഡനങ്ങള്‍ നിത്യ സംഭവമായി മാറുമ്പോള്‍ ഇത്തരം ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതോടൊപ്പം മനസ്സില്‍ അരക്കിട്ടുറപ്പിച്ച വിശ്വാസങ്ങളെ മറികടക്കാനുള്ള ആര്‍ജവം സ്ത്രീ സമൂഹം കൈവരിക്കേണ്ടതുണ്ടെന്നു തുടര്‍ന്ന് സംസാരിച്ച ശാലു ഫൈസല്‍ അഭിപ്രായപ്പെട്ടു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി വേറെ വേറെ പാഠങ്ങള്‍ അഭ്യസിപ്പിക്കുന്ന സാമൂഹിക അന്തരീക്ഷത്തിന് അറുതി വരുത്തണമെങ്കില്‍ സ്ത്രീ സമൂഹം സ്വയം പരിവര്‍ത്തനത്തിന് വിധേയരാകേണ്ട തുണ്ടെന്നു കവയത്രി കൂടിയായ സിന്ധു മനോഹര്‍ പറഞ്ഞു.
സെമിനാറില്‍ കെ. സതി അദ്ധ്യക്ഷത വഹിച്ചു. ദല വനിതാ വിഭാഗം കണ്‍വീനര്‍ ബാല സരസ്വതി സ്വാഗതവും ശോഭ ബിജു നാഥ് നന്ദിയും പറഞ്ഞു. അനിതാ ശ്രീകുമാര്‍ ജിന ടീച്ചര്‍, ഡോ. ബിന്ദു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
(അയച്ചു തന്നത് : സജീവന്‍ കെ. വി.)