അബുദാബി : കല അബുദാബിയുടെ ഈ വര്‍ഷത്തെ കലാ രത്ന പുരസ്കാരം ഗാനഗന്ധര്‍വ്വന്‍ കെ. ജെ. യേശുദാസിനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന് മാധ്യമശ്രീ പുരസ്കാര വും സമ്മാനിക്കും. നവംബര്‍ 21 വ്യാഴാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന കലാഞ്ജലിയില്‍ വെച്ചാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുക.
ഇന്ത്യന്‍ സംഗീത രംഗത്ത് ഡോക്ടര്‍. കെ. ജെ. യേശുദാസ് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് കലാരത്ന പുരസ്കാരം നല്‍കുന്നത് എന്ന് അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ കല ഭാരവാഹികള്‍ അറിയിച്ചു.
രാത്രി 8 മണിക്ക് തുടങ്ങുന്ന കലാഞ്ജലിയില്‍ ഗന്ധര്‍വ്വ നാദം എന്ന പേരില്‍ യേശുദാസിന്റെ സംഗീത കച്ചേരിയും അരങ്ങേറും. ഒരു മണിക്കൂര്‍ ശാസ്ത്രീയ സംഗീത കച്ചേരി യെ തുടന്ന് പഴയ കാല സിനിമാ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഗാനമേളയും അവതരിപ്പിക്കും. തുടര്‍ന്ന് അബുദാബി യിലെ എഴുപതോളം സംഗീത വിദ്യാര്‍ത്ഥി കള്‍ യേശുദാസിന് ഗുരു വന്ദനം അര്‍പ്പിക്കും.
വാര്‍ത്താ സമ്മേളന ത്തില്‍ ഐ. എസ്. സി. പ്രസിഡന്റ് ജോയ് തോമസ് ജോണ്‍, കല പ്രസിഡന്റ് സുരേഷ് പയ്യന്നൂര്‍, ജനറല്‍ സെക്രട്ടറി പ്രകാശ് വര്‍ക്കല, ജൂറി ചെയര്‍മാന്‍ ടി. പി. ഗംഗാധരന്‍, വനിതാ വിഭാഗം പ്രസിഡന്റ് സായിദാ മെഹബൂബ്, പ്രായോജകരായ യു. എ. ഇ. എക്സ്ചേഞ്ച് സെന്റര്‍ പ്രതിനിധി വിനോദ് നമ്പ്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഗന്ധര്‍വ്വ നാദം പരിപാടി യിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും. വിവരങ്ങള്‍ക്ക് : 050 570 21 40, 050 61 77 945.