ദുബായ് : മടക്കി കൊണ്ടു പോകാവുന്ന ഇ-സ്‌കൂട്ടറുകള്‍ മെട്രോ-ട്രാം യാത്രയിൽ കൊണ്ടു പോകാം എന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) അറിയിച്ചു. വൃത്തി ഇല്ലാത്തതും നനഞ്ഞതുമായ ഇ-സ്‌കൂട്ടറുകള്‍ അനുവദിക്കില്ല.
പ്ലാറ്റ് ഫോമുകളിലും സ്റ്റേഷനുകളിലും മെട്രോ ട്രെയിനു കളിലേക്കും ട്രാമുകളിലേക്കും പ്രവേശിക്കുമ്പോള്‍ ഇ-സ്‌കൂട്ടറുകള്‍ പവർ ഓഫ് ചെയ്തു മടക്കിയ നിലയിൽ ആയിരിക്കണം എന്നും ആർ. ടി. എ. അറിയിച്ചു.
20 കിലോയില്‍ കൂടുതല്‍ ഭാരം ഇല്ലാത്തതും 120 സെന്റി മീറ്റര്‍, 70 സെന്റി മീറ്റര്‍, 40 സെന്റി മീറ്റര്‍ എന്ന അളവില്‍ ഉള്ളതും ആയിരിക്കണം. മെട്രോയിലും ട്രാമിലും എല്ലാ പ്രവര്‍ത്തന സമയത്തും ഇവ കൊണ്ടു പോകാം.
എന്നാൽ മെട്രോയിലും ട്രാം പരിസരങ്ങളിലും വെച്ച് ഇ-സ്‌കൂട്ടര്‍ ചാര്‍ജ്ജ് ചെയ്യാന്‍ പാടില്ല. മെട്രോ ട്രെയിൻ-ട്രാം വാതിലുകള്‍, ഇരിപ്പിടങ്ങള്‍, ഇടനാഴികള്‍, എമര്‍ജന്‍സി ഉപകരണങ്ങള്‍ എന്നിവ തടയുന്ന വിധത്തില്‍ ഇവ നിർത്താനും പാടില്ല.
മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവാത്ത വിധവും സ്വന്തം ഉത്തരവാദിത്വത്തിലും ഇ-സ്‌കൂട്ടറു കള്‍ സുരക്ഷിതമായി കൊണ്ടു പോകുവാൻ ഏറെ നിബന്ധനകളോടെ ആര്‍. ടി. എ. ഇപ്പോൾ അനുവദിച്ചിരിക്കുന്നത് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് മുതലാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകള്‍ നിരോധിച്ചത്.