ദുബായ് : ദുബായിലെ ജുമൈറ ബീച്ച് റെസിഡന്‍സ് എന്ന പ്രദേശത്തെ ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ പരസ്യമായി ചുംബിക്കുകയും അനുചിതമായി പെരുമാറുകയും ചെയ്ത ബ്രിട്ടീഷ് മിഥുനങ്ങള്‍ക്ക് കോടതി വിധിച്ച ശിക്ഷ അപ്പീല്‍ കോടതിയും ശരി വെച്ചു. ഇവര്‍ക്ക് ആയിരം ദിര്‍ഹം പിഴയും ഒരു മാസം തടവും ശിക്ഷയായി ലഭിക്കും. തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം ഇവരെ നാട് കടത്തുകയും ചെയ്യും.
ഇവരുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന ഒരു യു.എ.ഇ. സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് ഇവര്‍ പോലീസിന്റെ പിടിയില്‍ ആയത്. മക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന ഇവരുടെ തൊട്ടടുത്തുള്ള സീറ്റില്‍ ഇരുന്നു ബ്രിട്ടീഷുകാരായ യുവ മിഥുനങ്ങള്‍ പരസ്പരം ചുംബിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തത് ഇവരുടെ മകള്‍ കാണുകയും വിവരം അമ്മയോട് പറയുകയും ചെയ്തു. തുടര്‍ന്ന് അമ്മയും ചുംബന രംഗം കാണുകയും ഇത് പോലീസില്‍ പരാതിപ്പെടുകയുമാണ് ഉണ്ടായത്. ചുറ്റുപാടും ഇരുന്ന പലരും ഈ രംഗങ്ങള്‍ കണ്ടു എന്ന് അമ്മ കോടതിയെ അറിയിച്ചു.
ചുംബിച്ച് പോലീസ് പിടിയിലായ ഷാര്‍ലറ്റ്
ആധുനികതയും പരമ്പരാഗത മൂല്യങ്ങളും ഒരു പോലെ വിലമതിക്കുന്ന ഏറെ സാംസ്കാരിക പാരമ്പര്യങ്ങള്‍ പരസ്പരം ഒരുമയോടെ കഴിയുന്ന നഗരമാണ് ദുബായ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടത്തെ ജനത വിദേശികളോട് ഏറെ സഹിഷ്ണുത പുലര്‍ത്തുകയും മാന്യത നല്‍കുകയും ചെയ്യുന്നുണ്ട്.
ദുബായിലെ ബീച്ചില്‍ ബിക്കിനി അനുവദനീയമാണ്. എന്നാല്‍ ബീച്ചില്‍ നിന്നും പുറത്തു പോകുമ്പോള്‍ ഉചിതമായി വസ്ത്രം ധരിക്കണം എന്ന് മാത്രം.
എന്നാലും തങ്ങളുടെ സാംസ്കാരിക സംവേദനങ്ങള്‍ക്ക് ഒട്ടും വില കല്‍പ്പിക്കാതെ, അനുചിതമായി വിദേശികള്‍ പെരുമാറുന്ന അവസരങ്ങളില്‍ ഇതിനെ ചെറുക്കാനും ഇവിടത്തെ സ്വദേശികള്‍ ജാഗരൂകരാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം.



ടെലിഫോണ്‍ നയത്തില്‍ മാറ്റം വരുത്തിയതോടെ ഇനി യു.എ.ഇ. യിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് ഇന്റര്‍നെറ്റ് വഴി ഫോണ്‍ ചെയ്യാന്‍ അവസരം ഒരുങ്ങുന്നു എന്ന പ്രതീക്ഷ പൂര്‍ണ്ണമായി നടപ്പിലാവാന്‍ വഴിയില്ല. ഇന്റര്‍നെറ്റ് വഴി നാട്ടിലേക്ക് വിളിക്കാന്‍ ഉപയോഗിക്കുന്ന വോയ്പ് (VOIP – Voice Over Internet Protocol) പ്രോഗ്രാമുകളില്‍ ഒന്നും തന്നെ ഇനിയും യു.എ.ഇ. യില്‍ നിയമ വിധേയമായി ഉപയോഗിക്കാന്‍ ആവില്ല. ഇത്തരം പ്രോഗ്രാമുകളില്‍ ഏറ്റവും ജനപ്രിയമായ സ്കൈപ്പ് ഉള്‍പ്പെടെ ഒരു കമ്പനിക്കും യു.എ.ഇ. യില്‍ തങ്ങളുടെ സേവനം ലഭ്യമാക്കാന്‍ ഉള്ള ലൈസന്‍സ് അധികൃതര്‍ നല്‍കിയിട്ടില്ല. 

























