അബുദാബി : കേരളത്തിലെ വൈജ്ഞാനിക പ്രവർത്തനങ്ങൾ മാതൃകാ പരം എന്ന് യു. എ. ഇ. പ്രസിഡണ്ടിന്റെ മുൻ മതകാര്യ ഉപദേഷ്ടാവും പ്രമുഖ പണ്ഡിതനുമായ ശൈഖ് അലി അൽ ഹാഷിമി. പറപ്പൂര് സബീലുല്‍ ഹിദായ ഇസ്ലാമിക് കോളേജ് യു. എ. ഇ. കമ്മിറ്റി സംഘടിപ്പിച്ച അല്‍ മുല്തഖ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.
കേരളവും യു. എ. ഇ. യും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട ബന്ധമാണുള്ളത്. പാണക്കാട് സയ്യിദ് കുടുംബം ആ ബന്ധത്തിന്റെ അംബാസഡർമാരാണ് എന്നും അദ്ദേഹം പറഞ്ഞു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന സംഗമത്തില്‍ സബീലുൽ ഹിദായ പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
സ്ഥാപനത്തിൽ നിന്നും പുറത്തിറങ്ങുന്ന അന്താ രാഷ്ട്ര അറബിക് പ്രസിദ്ധീകരണമായ അന്നഹ്ദ അറബിക് മാഗസിന്റെ യു. എ. ഇ. പ്രത്യേക പതിപ്പ് അലി അൽ ഹാഷിമി, ഡോ. സിദ്ദീഖ് അഹമദ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. പതിനാറു വര്‍ഷമായി പ്രസാധനം തുടരുന്ന അന്നഹ്ദ, കേരളത്തെയും അറബ് ദേശത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയാണ് എന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
സബീലുല്‍ ഹിദായ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്സ് ഗവേഷകനും കൂടിയായ സി. എച്ച്. സ്വാലിഹ് ഹുദവി പറപ്പൂരിനുള്ള ഉപഹാര സമര്‍പ്പണം ചടങ്ങില്‍ വെച്ച് നടന്നു. സ്ഥാപനത്തിലെ ഡിപ്പാർട്മെന്റ് ഓഫ് സിവിലൈസേഷണൽ സ്റ്റഡീസിന്റെ ലോഗോ പ്രകാശനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അബൂബക്കർ ഒറ്റപ്പാലം എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
സി. എച്ച്. ബാവ ഹുദവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. മുസ്തഫ ഹുദവി ആക്കോട് സന്ദേശ പ്രഭാഷണം നിര്‍വ്വഹിച്ചു. സ്ഥാപന ശിൽപിയും സൂഫിവര്യനും ആയിരുന്ന പറപ്പൂർ സി. എച്ച്. ബാപ്പുട്ടി മുസ്ലിയാരെ അനുസ്മരിച്ച് പ്രമുഖ വാഗ്മി സ്വാലിഹ് ഹുദവി സംസാരിച്ചു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി. കെ. അബ്ദുസലാം, സബീലുല്‍ ഹിദായ സെക്രട്ടറി ടി. അബ്ദുൽ ഹഖ്, കെ. എം. സി. സി. നേതാക്കളായ ഡോ. പുത്തൂര്‍ റഹ്മാന്, അന്‍വര്‍ നഹ, യു. അബ്ദുല്ല ഫാറൂഖി, അബ്ദു റഊഫ് അഹ്സനി, യു. എ. നസീര്‍, ടി. മുഹമ്മദ് ഹിദായത്തുള്ള, അബു ഹാജി കളപ്പാട്ടില്‍ തുടങ്ങി യവർ സംസാരിച്ചു.