ഷാര്ജ : അനുഭവങ്ങള്‍ ഒരു സാഹിത്യകാരനെ എങ്ങനെ സൃഷ്ടിക്കുന്നു എന്നതിന് ഉത്തമ ദൃഷ്ടാന്തമായിരുന്നു ശ്രീ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് മാധ്യമ പ്രവര്ത്തകന്‍ നാസര്‍ ബേപ്പൂര്‍ അഭിപ്രായപ്പെട്ടു. ലോക സാഹിത്യത്തിന്റെ നെറുകയിലേയ്ക്ക് മലയാളത്തെ ഉയര്ത്തിയ ആ അനശ്വര പ്രതിഭയെ അനുസ്മരിക്കുക എന്നത് മലയാളത്തെ ആദരിക്കുന്നതിനു തുല്യമാണ്. മാസ്സ് ഷാര്ജ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ യാഥാര്ത്ഥ്യങ്ങള്‍ തുറന്നു കാട്ടുന്നതിലുടെ സാമ്പ്രദായികതയ്ക്കും യാഥാസ്ഥിതി കതയ്ക്കുമെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും, സാര്‍വ ലൌകിക സ്നേഹത്തിന്റെ മഹത്തായ സന്ദേശം പകരുകയുമാണ് ബഷീര്‍ ചെയ്തത്. മനുഷ്യ കുലത്തെ മാത്രമല്ല പ്രപഞ്ചത്തിലെ മുഴുവന്‍ ചരാചരങ്ങളെയും സ്നേഹിക്കണമെന്നു ബഷീര്‍ തന്റെ കൃതികളിലൂടെ നമ്മെ ഉദ്ബോധിപ്പിച്ചു. കള്ളന്റെയും പിടിച്ചു പറിക്കാരന്റെയും മറ്റ് എല്ലാ വില്ലന്‍ കഥാപാത്രങ്ങളുടെയും ഉള്ളിലെ നന്മയുടെ വെളിച്ചമാണ് ബഷീര്‍ കൃതികള്‍ നമുക്ക് പകര്ന്നു തന്നത് എന്ന് നാസ്സര്‍ ബേപ്പൂര്‍ അഭിപ്രായപ്പെട്ടു.
തുടര്ന്ന് അരവിന്ദന്‍ പണിക്കശ്ശേരി കഥാവിഷ്കാരം നടത്തി. കുമാരനാശാനു ശേഷം മലയാളത്തിന് കിട്ടിയ മഹാ പ്രതിഭയാണ് ബഷീര്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു. “അനര്ഘം നിമിഷം” ബഷീര്‍ ഗദ്യത്തില്‍ എഴുതിയ പ്രണയ കവിതയാണ്. ഏറെ വര്ഷങ്ങള്ക്കു് ശേഷം ഒരു യുവ എഴുത്തുകാരന്‍ മലയാളത്തിലെ പ്രണയ കവിതകള്‍ പുന: പ്രസിദ്ധീകരി ക്കുകയാണെങ്കില്‍ അതിനു ആമുഖമായി കൊടുക്കുക അതിസുന്ദരമായ “അനര്ഘം നിമിഷ” ത്തിലെ വരികളായിരിക്കും എന്ന് അരവിന്ദന്‍ പണിക്കശ്ശേരി അഭിപ്രായപ്പെട്ടു. അത്ര മാത്രം കലാതിവര്തിയാണ് ആ കാവ്യം.
ഷാര്ജ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍, സെക്രട്ടറി നിസ്സാര്‍ തളങ്കര എന്നിവര്‍ സംസാരിച്ചു. മാസ്സ് വൈസ് പ്രസിഡന്റ് ശ്രീപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിനു സാഹിത്യ വിഭാഗം കണ്‍വീനര്‍ അനില്‍ അമ്പാട്ട് സ്വാഗതവും, മാസ്സ് ജോ. സെക്രട്ടറി അഫ്സല്‍ നന്ദിയും പറഞ്ഞു. എം. എ. റഹ്മാന്‍ സംവിധാനം ചെയ്ത “ബഷീര്‍ ദി മാന്‍” എന്ന ഡോകുമെന്ററി പ്രദര്ശനവും നടന്നു.



അബുദാബി : പ്രശസ്ത എഴുത്തു കാരനും മാധ്യമ പ്രവര്‍ത്തകനുമായ ജലീല്‍ രാമന്തളി എഴുതി പ്രസിദ്ധീകരിച്ച “ശൈഖ് സായിദ്” എന്ന പുസ്തകം യു. എ. ഇ. ഉന്നത വിദ്യാഭ്യാസ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന് സമ്മാനിച്ചു. യു. എ. ഇ. യുടെ രാഷ്ട്ര പിതാവും അബുദാബി യുടെ ഭരണാധികാരി യുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ ക്കുറിച്ച് ആദ്യമായി ഒരു ഇന്ത്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട കൃതിയാണ് ജലീല്‍ രാമന്തളിയുടെ “ശൈഖ് സായിദ്”.
റിയാദ് : സ്നേഹതീരത്തു കൂടി യാത്ര ചെയ്യുന്ന പ്രവാസി കള്‍ക്കിടയില്‍ നിന്ന് നല്ല സാഹിത്യം ഉണ്ടാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമന്‍. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം. പ്രവാസ ലോകത്ത് സമകാലീന വിഷയങ്ങളെ ക്കുറിച്ച് ചര്‍ച്ചകള്‍ സജീമായി നടക്കുന്നുണ്ടെങ്കിലും സമകാലീന സാഹിത്യം വായിക്കുന്നവര്‍ കുറവാണെന്നും, പത്രങ്ങളും മാസികകളും മാത്രം വായിച്ചാല്‍ പോരെന്നും സാഹിത്യ കൃതികള്‍ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അബുദാബി : മലയാള സാഹിത്യ ത്തിന് നീര്‍മാതള ത്തിന്‍റെ സൗരഭ്യം പകര്‍ന്നു നല്‍കിയ മാധവിക്കുട്ടി എന്ന കമല സുരയ്യ യുടെ ഒന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പി ക്കുന്ന അനുസ്മരണ സമ്മേളനവും സാഹിത്യ സദസ്സും മെയ് 28 വെള്ളിയാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. മിനി ഹാളില്‍ നടന്നു. പരിപാടിയില്‍ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. കഥ, കവിത, അനുസ്മരണ പ്രഭാഷണം എന്നിവയും ബാബുരാജ് ഒരുക്കുന്ന ‘കാവ്യ ശില്‍പം’, ഇ. ആര്‍. ജോഷി ഒരുക്കുന്ന ‘നീര്‍ മാതളം പൂത്ത കാലം’ എന്ന കഥാ ആവിഷ്കാരം എന്നിവയും അരങ്ങേറി.
ദുബായ് : പ്രശസ്ത കവിയും ചലച്ചിത്ര ഗാന രചയിതാവുമായ പി. കെ. ഗോപിയുമായി കവിതാ, സാഹിത്യ, ദാര്‍ശനിക ചര്‍ച്ചകളുമായി ഒരു സായാഹ്നം പങ്കിടാനുള്ള അവസരം ദുബായില്‍ ഒരുങ്ങുന്നു. ഇന്ന് വൈകീട്ട് 8 മണി മുതല്‍ ദുബായ് ഖിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഫുഡ് കോര്‍ട്ടിലുള്ള പാര്‍ട്ടി ഹാളില്‍ പി. കെ. ഗോപിയുമായി സംവദിക്കാനുള്ള വേദി ഒരുക്കിയത് ഫുഡ് കോര്‍ട്ടില്‍ തന്നെയുള്ള സല്‍ക്കാര റെസ്റ്റോറന്‍റ്റും ചില സുഹൃത്തുക്കളും ചേര്‍ന്നാണ്. തികച്ചും അനൌപചാരികമായ ഒരു സൌഹൃദ കൂട്ടായ്മയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.


























