ദുബായ് : കേരളത്തില്‍ മന്ത്രി സഭാ സംവിധാനത്തെ സി. പി. എം. അട്ടിമറിച്ചതായി കേരള കോണ്ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ടി. എം. ജേക്കബ് പറഞ്ഞു. പ്രവാസി കേരള കോണ്ഗ്രസിന്റെ പ്രവര്‍ത്തക കണ്‍വെന്ഷനും കുടുംബ സംഗമവും ദുബായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. പി. എം. തീരുമാനിക്കുന്ന കാര്യങ്ങളെ ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുള്ളൂ. ക്യാബിനറ്റിനകത്ത് പോലും ഇപ്പോള്‍ സി. പി. എം. ഗ്രൂപ്പ് ചര്‍ച്ചയാണ് നടക്കുന്നത്. ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലാത്ത രീതിയിലാണ്കേരളത്തില്‍ ക്യാബിനറ്റ് സംവിധാനം അട്ടിമറി ക്കപ്പെട്ടി രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണ രംഗത്ത് എല്‍. ഡി. എഫ്. സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും ടി. എം. ജേക്കബ് പറഞ്ഞു.
സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് നിഷ്ക്രിയവും പരാജയവുമാണ്. ഇതേ തുടര്‍ന്നാണ് തീവ്രവാദം പോലുള്ളവയ്ക്ക് വേരോട്ടം ലഭിക്കുന്നത്.
കരാമ വൈഡ് റേഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രവാസി കേരളാ കോണ്ഗ്രസ് പ്രസിഡണ്ട് ബോവാസ് ഈട്ടിക്കാലായില്‍, ജനറല്‍ സെക്രട്ടറി എബി ബേബി മംഗലശ്ശേരി, പാര്‍ട്ടി സെക്രട്ടറി ജോര്‍ജ്ജ് കുന്നപ്പുഴ, ലാലന്‍ ജേക്കബ് കുവൈത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.