റിയാദ്: കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഇന്ത്യാ ടൂറിസം റോഡ് ഷോ ശ്രദ്ധേയമായി. സാംസ്കാരിക ഭൂമിശാസ്ത്ര വൈവിധ്യത്തിലൂന്നിയ ഇന്ത്യന്‍ വിനോദ സഞ്ചാര മേഖലയുടെ ഭൂപടങ്ങളിലേക്ക് വെളിച്ചം വീശിയ ഇന്ത്യാ ടൂറിസം റോഡ് ഷോ റിയാദ് ഷെറാട്ടണ്‍ ഹോട്ടലിലാണ് സംഘടിപ്പിച്ചത്. ആരോഗ്യ ടൂറിസത്തിലൂന്നിയാണ് ഷോ സംഘടിപ്പിച്ചത്. കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി റജന്‍ ഹബീബ് ഖാജയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷോക്ക് നേതൃത്വം നല്‍കിയത്. റിയാദ് ഷെറാട്ടണ്‍ ഹോട്ടലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ടൂറിസം സെക്രട്ടറിക്ക് പുറമെ ഇന്ത്യന്‍ എംബസി ഡി. സി. എം. മനോഹര്‍ റാം, ജമ്മു കശ്മീര്‍ വിനോദ സഞ്ചാര-സാംസ്കാരിക മന്ത്രി നവാംഗ് റിഗ്സിന്‍, കേന്ദ്ര ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ദേവേഷ് ചതുര്‍വേദി, ജമ്മു കശ്മീര്‍ ടൂറിസം കമ്മീഷണര്‍ സെക്രട്ടറി അടല്‍ ധുല്ലു തുടങ്ങിയവര്‍ പങ്കെടുത്തു. റോഡ് ഷോക്ക് തുടക്കം കുറിച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു മുഖ്യ പ്രഭാഷണം നടത്തി ആരോഗ്യ ടൂറിസം മേഖലയിലുള്‍പ്പെടെ ഇന്ത്യയിലെ പുതിയ വിനോദ സഞ്ചാര മേഖലകളെ പരിചയപ്പെടുത്താനുദ്ദേശിച്ചുള്ളതാണ് റോഡ് ഷോയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ടൂറിസം സെക്രട്ടറി റജന്‍ ഹബീബ് ഖാജ പറഞ്ഞു.