
അബുദാബി : ഇന്ത്യ സോഷ്യൽ സെൻറർ (ISC) സംഘടിപ്പിക്കുന്ന ‘യൂത്ത് ഫെസ്റ്റ് 2025–26’ ജനുവരി 30, 31, ഫെബ്രുവരി 1 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ഐ. എസ്. സി. യിലെ വിവിധ വേദികളിലായി നടക്കും.
പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും അബുദാബിയിലെ തന്നെ ഏറ്റവും വലിയ കലാ മേളയായി ഐ. എസ്. സി. യൂത്ത് ഫെസ്റ്റ് മാറി. കല, സംസ്കാരം, സർഗ്ഗാത്മകത, ആത്മ വിശ്വാസം എന്നിവയുടെ ആഘോഷം ആയിട്ടാണ് ഈ കലോത്സവത്തെ ഐ. എസ്. സി കാണുന്നത്. പ്രവാസികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും ഒപ്പം അച്ചടക്കം, ടീം വർക്ക്, കഠിനാധ്വാനം തുടങ്ങിയ ഗുണങ്ങൾ വളർത്താനും ഈ വേദി സഹായിക്കുന്നു എന്നും സംഘാടകർ അവകാശപ്പെട്ടു.
ക്ലാസിക്കൽ, ഫോക്ക്, കണ്ടംപററി തുടങ്ങിയ വിഭാഗങ്ങളിലായി എൺപതോളം മത്സരങ്ങളിലായി നാനൂറോളം പ്രതിഭകൾ മാറ്റുരക്കും. എണ്ണൂറിലധികം സ്റ്റേജ് പ്രകടനങ്ങളാണ് ഈ മൂന്ന് ദിവസങ്ങളിലായി അരങ്ങേറുന്നത്.
Image Credit : FACEBOOK

































