ഫുജൈറ : പ്രവാചക സ്നേഹികള്‍ക്ക് ‘അല്‍ ബദര്‍’ എന്ന പേരില്‍ പത്ത് ലക്ഷം ദിര്‍ഹം മൂല്യമുള്ള അവാര്‍ഡ് പ്രഖ്യാപിച്ച് ഫുജൈറ കിരീട അവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖി. പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ആദരണീയമായ ജീവ ചരിത്രം, അതുമായി ബന്ധപ്പെട്ട ആധികാരിക സങ്കല്‍പങ്ങള്‍, പാഠങ്ങള്‍ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്ന വ്യത്യസ്തമായ ആഗോള സംരംഭം ആയിട്ടാണ് ‘അല്‍ ബദര്‍’ എന്ന പേരിലുള്ള അവാര്‍ഡ് പ്രഖ്യാപിച്ചത്.
പ്രവാചകരുടെ ജീവചരിത്രം പഠിക്കുകയും അവിടുന്ന് കാണിച്ച മിതത്വത്തിന്‍റെയും സഹിഷ്ണുതയുടെയും സന്ദേശം ലോകത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന തലമുറകളെ വളര്‍ത്തി എടുക്കുവാനായി ഫുജൈറ ഭരണാധികാരി, യു. എ. ഇ. സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ നിര്‍ദ്ദേശങ്ങളുടെ ചുവടു പിടിച്ചാണ് ഈ അവാര്‍ഡ്.
അല്‍ ബദറില്‍ പങ്കാളിയാകുവാന്‍ രജിസ്റ്റര്‍ ചെയ്യു വാനുള്ള അവസാന തിയ്യതി : 25 സെപ്റ്റംബര്‍ 2022.
വര്‍ഷം മുഴുവന്‍ നടക്കുന്ന നിരവധി പരിപാടികള്‍, പദ്ധതികള്‍ തുടങ്ങിയവക്കുള്ള ആഗോള വേദിയായി ‘അല്‍ ബദര്‍’ പ്രവര്‍ത്തിക്കും.
മുഹമ്മദ് നബി (സ) യെ സ്തുതിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍ഗാത്മക സാഹിത്യങ്ങള്‍, കലാ പ്രവര്‍ത്തനങ്ങള്‍, വിവിധ മേഖല കളില്‍ പ്രാദേശികവും അന്തര്‍ ദേശീയവുമായ പങ്കാളിത്തം ഉറപ്പാക്കുന്ന ഒരു ബിനാലെ അവാര്‍ഡ് ആയിരിക്കും അല്‍ ബദര്‍. കവിത, ചിത്രരചന, കാലിഗ്രാഫി, മള്‍ട്ടി മീഡിയ എന്നീ വിഭാഗ ങ്ങളിലാണ് അല്‍ ബദര്‍ അവാര്‍ഡ് നല്‍കുക. വിശദ വിവരങ്ങള്‍ക്ക് അല്‍ ബദര്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
- pma