ദുബായ് : പൈലറ്റ് സമരത്തിന്റെ മറവിൽ വിമാന യാത്രാക്കൂലി ക്രമാതീതമായി വർദ്ധിപ്പിക്കുകയും പ്രവാസി യാത്രക്കാരെ കൊള്ളയടിക്കുകയും ചെയ്യുന്നതിനെതിരെ അടിയന്തിരമായി ഇടപെട്ട് പ്രവാസികളുടെ യാത്രാ ദുരിതം അവസാനിപ്പിക്കണമെന്ന് ദലയുടെ ആഭിമുഖ്യത്തിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ആവശ്യപ്പെട്ടു. രണ്ടു മാസം നീണ്ട പൈലറ്റ് സമരം അവസാനിച്ചിട്ട് രണ്ടാഴ്ച ആയെങ്കിലും ഗൾഫ് കേരള സെക്ടറിലെ യാത്രാ പ്രതിസന്ധിക്ക് ഇനിയും പരിഹാരം ആയിട്ടില്ല. വേനൽ അവധി ആരംഭിച്ചിട്ടും സ്വദേശത്തേയ്ക്ക് പോകാൻ കഴിയാതെ മലയാളി കുടുംബങ്ങൾ വലയുകയാണ്.
പൈലറ്റ് സമരത്തെ കേരളത്തോടുള്ള പ്രതികാര നടപടിയായാണ് എയർ ഇന്ത്യ കണ്ടത്. കരിപ്പൂരിൽ നിന്ന് 136ഉം, തിരുവനന്തപുരത്ത് നിന്നും 80ഉം, കൊച്ചിയിൽ നിന്ന് 56ഉം വിമാന സർവീസുകൾ റദ്ദ് ചെയ്തപ്പോൾ യൂറോപ്പ്, ബോംബെ, ഡൽഹി റൂട്ടുകളിൽ നിന്ന് നാമമാത്രമായാണ് റദ്ദ് ചെയ്തത്. രണ്ട് ലക്ഷത്തോളം പ്രവാസി കുടുംബങ്ങളാണ് അവധിക്കാലത്ത് കേരളത്തിലേക്ക് യാത്ര ചെയ്യുന്നത്. ഇവരെ കൊള്ളയടിക്കാൻ മറ്റ് വിമാന കമ്പനികൾക്ക് അവസരമൊരുക്കി കൊടുക്കുന്ന നടപടിയാണ് എയർ ഇന്ത്യയുടേത്. എക്കണോമിൿ ക്ലാസിൽ പോലും യാത്ര നിരക്കുകൾ കുത്തനെ ഉയർത്തി സാധാരണക്കാരന്റെ നട്ടെല്ല് ഒടിക്കുന്ന നടപടി ഉടൻ അവസാനിപ്പിക്കണം. റദ്ദ് ചെയ്ത സർവീസുകൾ പുനരാരംഭിക്കുകയും യാത്രാ നിരക്കുകൾ സമരം തുടങ്ങുന്നതിന് മുൻപുള്ള നിരക്കുകളിലേക്ക് പുനസ്ഥാപിക്കുകയും വേണമെന്നും കൌൺസിൽ ജനറലിന് നൽകിയ നിവേദനം ആവശ്യപ്പെട്ടു.
എ. ആർ. എസ്. മണി, നാരായണൻ വെളിയംകോട്, അനിത ശ്രീകുമാർ, സതിമണി, ബാബു ജി. എന്നിവരുടെ നേതൃത്വത്തിലാണ് നിവേദക സംഘം കോൺസിലേറ്റിൽ എത്തിയത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ കോണ്‍സുലേറ്റ്, ദല, പ്രതിഷേധം, പ്രവാസി, വിമാനം