ഷാര്‍ജ : യു. എ. ഇ. പ്രഖ്യാപിച്ച പൊതു മാപ്പിലൂടെ രാജ്യം വിടുന്നവര്‍ക്ക് യു. എ. ഇ. യിലേക്കുള്ള മടക്ക യാത്ര തടസ്സമാവില്ല. യാത്രാ രേഖകള്‍ ശരിപ്പെടുത്തി നിയമാനുസൃതം അവര്‍ക്ക് വീണ്ടും യു. എ. ഇ. യിലേക്ക് തിരിച്ച് വരാനുള്ള അവസരമുണ്ടാവും.
സന്ദര്‍ശക വിസക്കാര്‍ക്കും പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്താം. കേസുകൾ ഉണ്ടെങ്കിൽ രാജ്യം വിടുന്നതിന് മുമ്പ് അതെല്ലാം തീര്‍പ്പാക്കണം എന്നും അധികൃതർ. സെപ്തംബര്‍ ഒന്ന് മുതൽ യു. എ. ഇ. യില്‍ തുടക്കമാവുന്ന പൊതുമാപ്പ് സംബന്ധിച്ച് ഇന്ത്യന്‍ അസോസ്സിയേഷന്‍ പ്രസിഡണ്ട് നിസാർ തളങ്കര, മന്ത്രാലയം മേധാവികളുമായി നടത്തിയ കൂടിക്കാഴ്ച യിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
രാജ്യത്ത് കഴിയുന്ന വിദേശ പൗരന്മാരെല്ലാം താമസ കുടിയേറ്റ രേഖകള്‍ കൃത്യത വരുത്താനുള്ള ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പൊതു മാപ്പ് പ്രഖ്യാപനം എന്നും മന്ത്രാലയ മേധാവികള്‍ പറഞ്ഞു. കാലാവധി തീര്‍ന്ന റെസിഡന്‍സ് വിസ, കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസകളില്‍ യു. എ. ഇ. യില്‍ തങ്ങുന്നവര്‍ക്കും പൊതു മാപ്പ് പ്രയോജന പ്പെടുത്തി പിഴയില്ലാതെ രാജ്യം വിടുകയോ പുതിയ റെസിഡന്‍സ് വിസയിലേക്ക് മാറുകയോ ചെയ്യാം.
എമിഗ്രേഷന്‍ അംഗീകൃത ടൈപ്പിംഗ് സെൻ്ററുകൾ മുഖേന പൊതു മാപ്പ് സംബന്ധിച്ച അപേക്ഷകള്‍ സമർപ്പിക്കാം. സിവില്‍, തൊഴില്‍, വാണിജ്യ കേസുകള്‍ നേരിടുന്നവര്‍ അതാത് വകുപ്പുകളുമായി ബന്ധപ്പെട്ട് കേസുകള്‍ തീര്‍പ്പാക്കിയ രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്.
പൊതു മാപ്പ് വിഷയ സംബന്ധമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്, വിവിധ യു. എ. ഇ. മന്ത്രാലയ ഉദ്യോഗസ്ഥരും ഉള്‍ക്കൊള്ളുന്ന യോഗം സംഘടിപ്പിക്കാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍കയ്യെടുക്കും എന്നും പ്രസിഡണ്ട് നിസാർ തളങ്കര അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: amnesty, expat, nri, visa-rules, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ജീവകാരുണ്യം, യു.എ.ഇ., ഷാര്‍ജ, സംഘടന, സാമൂഹ്യ സേവനം