ദുബായ് : ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിന വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ലുലു ഗ്രൂപ്പ് ഗൾഫ് തലത്തിൽ നടത്തുന്ന ‘ഇന്ത്യ ഉത്സവ്’ 2022 ആഗസ്റ്റ് 15 ന് അബുദാബിയിലെ അൽ വഹ്ദ മാളിൽ തുടക്കമാകും. സംസ്കാരം, വ്യാപാരം, പാചകം എന്നിവ അടിസ്ഥാനമാക്കി ഗൾഫിലെ എല്ലാ ലുലു കേന്ദ്രങ്ങളിലും ‘ഇന്ത്യ ഉത്സവ്’ അരങ്ങേറും. ഇത് ആഗസ്റ്റ് 17 വരെ നീണ്ടു നില്‍ക്കും. മാത്രമല്ല ആഗസ്റ്റ് 17, 18 നും ജന്മാഷ്ടമി ആഘോഷങ്ങള്‍, ആഗസ്റ്റ് 25 മുതല്‍ 30 വരെ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങൾ, ആഗസ്റ്റ് 30 മുതൽ സെപ്തംബര്‍ എട്ടു വരെ ഓണാഘോഷം എന്നിവയാണ് ഇന്ത്യാ ഉത്സവ് ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറുക.
ഇത്തവണ ഓണാഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കമാണ് നടത്തുന്നത്. ഇന്ത്യയില്‍ നിന്ന് വന്‍ തോതില്‍ ഉത്പന്നങ്ങള്‍ എത്തും. ഓണ സദ്യ ഒരുക്കാന്‍ പഴയിടം മോഹനന്‍ നമ്പൂതിരി എത്തും എന്നും ‘ഇന്ത്യ ഉത്സവ്’ ആഘോഷങ്ങളെ കുറിച്ച് വിശദമാക്കുവാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ലുലു ഗ്രൂപ്പ് ഡയറക്ടർ എം. എ. സലീം അറിയിച്ചു.
കൂടാതെ, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നവരാത്രി, ഒക്ടോബർ അവസാനം ദീപാവലി ആഘോഷങ്ങളും അരങ്ങേറും. വിവിധങ്ങളായ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങൾ, സമ്മാനപ്പൊതികൾ, മധുര പലഹാരങ്ങൾ, സദ്യ, താലി തുടങ്ങിയവയും ഇന്ത്യാ ഉത്സവിന്‍റെ സവിശേഷതകള്‍ ആയിരിക്കും.
ഇന്ത്യ- യു. എ. ഇ. വ്യാപാര ബന്ധത്തിന്‍റെ ആഘോഷം കൂടിയായിരിക്കും ഇത്. വ്യാപാര കേന്ദ്രങ്ങളിൽ ഒട്ടേറെ പ്രൊമോഷനുകളും വിലക്കുറവുകളും ഉണ്ടാകും.
രണ്ട് വര്‍ഷത്തെ വെല്ലുവിളി നിറഞ്ഞ കാലത്തിനു ശേഷം വാണിജ്യ മേഖല ശക്തമായി തിരിച്ചു വരികയാണ്. ഉത്സവ കാലത്ത് ആവശ്യമായത് എല്ലാം മിതമായ നിരക്കില്‍ ലഭിക്കും എന്ന് ഉറപ്പു വരുത്തിയിട്ടുണ്ട് എന്നും ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദ കുമാര്‍ പറഞ്ഞു.
കരകൗശല വസ്തുക്കള്‍, ഖാദി ഉത്പന്നങ്ങള്‍, കശ്മീര്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയെ പ്രൊമോട്ട് ചെയ്യാന്‍ പ്രത്യേക സ്റ്റാളുകള്‍ ഉണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ സംസ്ഥാന ങ്ങളിലെ വിഭവങ്ങളും ലഘു ഭക്ഷണങ്ങളും ലഭ്യമാകുന്ന ഇന്ത്യന്‍ ഭക്ഷ്യ മേളക്കു പുറമെ സാംസ്‌കാരിക പ്രദര്‍ശനങ്ങളും മത്സരങ്ങളും നടക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: lulu-group, അബുദാബി, ആഘോഷം, ദുബായ്, പ്രവാസി