അബുദാബി : യു. എ. ഇ.യിലെ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന മരുന്നുകളുടെ വിവരങ്ങൾ രക്ഷിതാക്കള്‍ സ്‌കൂൾ അധികൃതർക്ക് നൽകണം എന്ന് പുതിയ മാർഗ്ഗ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. കുട്ടിയുടെ ആരോഗ്യ സ്ഥിതി, പ്രമേഹം, രക്ത സമ്മർദം, ആസ്ത്‌മ, അടക്കമുള്ള രോഗങ്ങൾ, വിട്ടു മാറാത്ത അസുഖങ്ങൾ എന്നിവക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ള മരുന്നുകളുടെ വിവരങ്ങൾ, ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ടുകൾ ഉള്‍പ്പെടെയുള്ള കൃത്യമായ ആരോഗ്യ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കണം.
രക്ഷിതാക്കൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാന ത്തിലുള്ള മരുന്നുകൾ മാത്രമേ കുട്ടികൾ സ്‌കൂളു കളിലേക്ക് വരുമ്പോൾ കൈവശം വെക്കാൻ പാടുള്ളൂ. ആന്റി ബയോട്ടിക്കുകൾ, ഇൻസുലിൻ കുത്തി വെപ്പുകൾ മാത്രമല്ല ചികിത്സകളുമായി ബന്ധപ്പെട്ട മറ്റു മരുന്നുകൾ സ്കൂൾ സമയങ്ങളിൽ നൽകേണ്ടത് ഉണ്ടെങ്കിൽ പേര്, മരുന്ന്, അളവ്, സമയം എന്നിവ വ്യക്തമാക്കുന്ന ഡോക്ടറുടെ പ്രിസ്‌ക്രിപ്‌ഷൻ രക്ഷിതാക്കൾ സ്‌കൂൾ അധികൃതർക്ക് സമർപ്പിക്കണം.
അത്യാവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കുവാനായി സ്കൂൾ ക്ലിനിക്കുകളിൽ മരുന്നുകൾ സംഭരിച്ചു വെക്കുവാനും രക്ഷിതാക്കൾ പ്രത്യേകമായി രേഖാമൂലം ആവശ്യപ്പെടണം. അടിയന്തര സാഹചര്യങ്ങളില്‍ ഒഴികെ മാതാപിതാക്കളുടെ മുന്‍കൂര്‍ സമ്മതമില്ലാതെ മെഡിക്കല്‍ സ്റ്റാഫിന് ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ കഴിയില്ല എന്നും അധികൃതര്‍ വ്യക്തമാക്കി.
കുട്ടികൾക്ക് സുരക്ഷിതവും സംയോജിതവുമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ രക്ഷിതാക്കൾ സ്കൂളുകളുമായി സഹകരിക്കണം. മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാത്ത രക്ഷിതാക്കളുടെ മക്കൾക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ സ്കൂൾ ക്ലിനിക്കുകൾക്ക് പ്രയാസം ഉണ്ടാക്കും എന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഈ നിയമം യു. എ. ഇ.യിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും പൊതു വിദ്യാലയങ്ങൾക്കും ബാധകമാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: health, medicine, school, ആരോഗ്യം, കുട്ടികള്‍, നിയമം