അബുദാബി : ഒരു എഴുത്തുകാരന് കിട്ടുന്ന പുരസ്കാരങ്ങളെല്ലാം അയാളുടെ സര്‍ഗ്ഗാത്മക യാത്രയിലെ പാഥേയങ്ങളാണ് എന്ന് ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് ഏര്‍പ്പെടുത്തിയ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണവാര്യര്‍ പുരസ്കാരം ലഭിച്ച പി. മണികണ്ഠന്‍ പറഞ്ഞു. ഈ വഴിച്ചോറിന്റെ ഊര്‍ജ്ജത്തില്‍ എഴുത്തുകാരില്‍ നിന്നും നൂതനമായ പല ആവിഷ്കാരങ്ങളും, ആഖ്യാനങ്ങളും സാക്ഷ്യപ്പെടുത്തലുകളും കണ്ടെത്തലുകളും ഒക്കെ വന്നു ചേരാറുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. അബുദാബി ശക്തി തിയേറ്റഴ്സിന്റെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പി. മണികണ്ഠന്‍.
“മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന തന്റെ പുസ്തകത്തിന് പുരസ്കാരം ലഭിക്കുന്ന അവസരത്തില്‍ കേരളത്തില്‍ പല രംഗങ്ങളിലും സ്വത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരുന്നു എന്നുള്ളത് ഈ പുസ്തകത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇന്ന് കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ തികച്ചും വിപരീത ഫലങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിനു പ്രധാന കാരണം, ഒരു സാമൂഹ്യ ശാസ്ത്രത്തിന്റെ അടിത്തറയില്‍ ഊന്നി സ്വത്വത്തെ കുറിച്ചുള്ള സംവാദങ്ങള്‍ കേരളത്തില്‍ ഉണ്ടാവുന്നില്ല എന്നതാണ്. കേരളത്തിലെ സ്വത്വ ചര്‍ച്ചകളെല്ലാം സ്വത്വത്തിന് വിപരീതമായിട്ടുള്ള നിലപാടുകളിലേക്ക് പോകുകയും സ്വത്വ ആവിഷ്കാരങ്ങളെ പൂര്‍ണ്ണമായി തമസ്കരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.
എന്താണ് സ്വത്വം? പ്രാഥമികമായ തിരിച്ചറിവുകളില്‍ നിന്നും ഒരു വ്യക്തിക്ക് ഉണ്ടാവുന്ന ഗുണഗണങ്ങളാണ് സ്വത്വം. ഇത് സ്ഥായിയായിട്ടുള്ള ഒന്നല്ല. വൈവിധ്യവും വൈജാത്യവുമുള്ള ഒരു സംവര്‍ഗ്ഗമാണ് സ്വത്വം. Self is broadly defined as the essential qualities that make a person distinct from all others. എല്ലാവരില്‍ നിന്നും വ്യത്യസ്തമായ ഒരു ഗുണം ഒരു വ്യക്തിയില്‍ ഉണ്ടാവുമ്പോഴേ അയാള്‍ക്ക് അയാളുടെതായ സ്വത്വം ഉണ്ടാവുന്നുള്ളൂ. ഇവിടെ ഒരു വൈരുദ്ധ്യമുണ്ട്. ഇങ്ങനെയുള്ള സ്വത്വത്തിന് എങ്ങനെ തന്മയീഭവിക്കാന്‍ ആവും എന്ന അന്വേഷണമാണ് നാം സ്വത്വാന്വേഷണത്തിലൂടെ നടത്തേണ്ടത്. സ്വത്വത്തെ കുറിച്ചുള്ള ചര്‍ച്ചകളെല്ലാം തന്നെ സ്വത്വ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചയായി മാറുമ്പോള്‍, എന്തിനു വേണ്ടി ഈ സംവാദം തുടങ്ങി വെച്ചുവോ അതിന്റെ വിപരീത ഫലത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇതാണ് ഇന്ന് കേരളീയ സമൂഹം അനുഭവിക്കുന്ന ദുര്യോഗം എന്നും മണികണ്ഠന്‍ അഭിപ്രായപ്പെട്ടു.
ജ്ഞാനപീഠം പുരസ്കാരം ലഭിച്ച ഓ.എന്‍.വി. കുറുപ്പിന് ചടങ്ങില്‍ വെച്ച് ശക്തി തിയേറ്റഴ്സിന്റെ അനുമോദനവും ആശംസയും അറിയിച്ചു. ശക്തി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സി. വി. സലാം പി. മണികണ്ഠനെ സദസ്സിന് പരിചയപ്പെടുത്തി.
“സമകാലീനം” എന്ന കവിയരങ്ങില്‍ യു.എ.ഇ. യിലെ പ്രമുഖ കവികള്‍ക്ക് പുറമേ ഒട്ടേറെ നവാഗത പ്രതിഭകളും പങ്കെടുത്തു.
ഒമര്‍ ഷെരീഫ്, മുളക്കുളം മുരളീധരന്‍, അസ്മോ പുത്തഞ്ചിറ, നസീര്‍ കടിക്കാട്, ടി. കെ. ജലീല്‍, റഷീദ് പാലക്കല്‍, സ്റ്റാന്‍ലി, റഫീക്ക് (ഉമ്പാച്ചി എന്ന ബ്ലോഗര്‍ – ഓവുപാലം, രണ്ടു കത്തികള്‍) എന്നിങ്ങനെ നിരവധി കവികള്‍ കവിതകള്‍ ചൊല്ലി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, കേരള സോഷ്യല്‍ സെന്റര്‍, ബഹുമതി, ശക്തി തിയേറ്റഴ്സ്, സാംസ്കാരികം, സാഹിത്യം