ദുബായ് : വിഴിഞ്ഞം തുറമുഖത്തോടൊപ്പം തന്നെ മലബാറിലെ കടൽ ഗതാഗതത്തിന്‍റെ കവാടമായ ബേപ്പൂര്‍ തുറമുഖം കൂടി വികസിപ്പിച്ചു സഞ്ചാര യോഗ്യം ആക്കി മാറ്റണം എന്നു മലബാർ പ്രവാസി (യു. എ. ഇ.) കൺവെൻഷൻ കേന്ദ്ര – കേരള സർക്കാരു കളോട് ആവശ്യപ്പെട്ടു.
കേരളത്തിലെ ചിര പുരാതനമായ തുറമുഖങ്ങളിൽ ഒന്നാണ് ബേപ്പൂർ തുറമുഖം. മുന്‍ കാലങ്ങളില്‍ മധ്യ പൂർവ്വ ദേശങ്ങളു മായി ബേപ്പൂർ തുറമുഖത്തു നിന്നും വളരെക്കാലം ചരക്കു ഗതാഗതവും യാത്രാ സൗകര്യ ങ്ങളും ഉണ്ടായിരുന്നു. അധികൃതരുടെ അനാസ്ഥയും അവഗണനയും മൂലം വളരെ കാലമായി ഈ തുറമുഖം നിശ്ചലമായ അവസ്ഥയിലാണ്.
ഉരു, പായ കപ്പലുകള്‍ എന്നിവയുടെ നിർമ്മാണത്തിൽ ഏറെ പേരു കേട്ട സ്ഥലം ആയിരുന്നു ബേപ്പൂർ. അറബികളും പാശ്ചാത്യരും വ്യാപാരത്തിനും മൽസ്യ ബന്ധനത്തിനുമായി ഉരുകളും പായ് കപ്പലുകളും വാങ്ങിയിരുന്നു. തുറമുഖ ത്തിന്‍റെ നിശ്ചലാവസ്ഥ കാരണം ഇങ്ങിനെയൊരു വിദേശ വ്യാപാര ബന്ധം ഇല്ലാതെയായി. വിനോദ സഞ്ചാരത്തിനും ഏറെ കേളി കേട്ടിരുന്ന ബേപ്പൂർ തുറമുഖത്തിലെ ഇത്തരം സുദൃഡവും മനോഹരവുമായ ഉരുക്കൾ ഇപ്പോൾ പ്രാദേശിക വിനോദ സഞ്ചാര നൗകകളായി മാത്രം ഉപയോഗിച്ച് വരികയാണ്.
ലക്ഷദ്വീപ്, മിനിക്കോയ് തുടങ്ങിയ ദ്വീപു നിവാസി കളുടെ കേരളത്തിലേക്കുള്ള യാത്രാ കവാടം ഏറെ കാലം ബേപ്പൂര്‍ ആയിരുന്നു. തുറമുഖത്തിന്‍റെ പ്രവർത്തനം നിലച്ചതോടെ ഇവർ കൊച്ചിയെയും തമിഴ്നാട്ടിലെ തുറമുഖങ്ങളെയുമാണ് ഇപ്പോൾ ആശ്രയിച്ചു വരുന്നത്. ഇത് മലബാറിലെ വിശേഷിച്ചു കോഴിക്കോട്, കണ്ണൂർ പട്ടണങ്ങളുടെ വാണിജ്യ മേഖലക്ക് തെല്ലൊന്നുമല്ല ക്ഷയം വരുത്തിയത്. ലക്ഷ ദ്വീപിലെ മൽസ്യ വ്യവസായ ത്തെയും ഇത്ഏറെ ബാധിച്ചു.
ബേപ്പൂർ തുറമുഖത്തിൻെറ പ്രവർത്തനം നിലച്ചതോടെ ഗൾഫ് രാജ്യങ്ങളിലേക്കും മറ്റും കോഴിക്കോട്ടു നിന്നുള്ള ചരക്കു ഗതാഗതവും നാളികേരം, ഭക്ഷ്യ – ധാന്യ, സുഗന്ധ ദ്രവ്യങ്ങളുടെ കയറ്റുമതിയും പാതിയോളം നിലച്ച നിലയില്‍ തന്നെയാണ്. ഇതര സംസ്ഥാനങ്ങളിലേക്കും തിരിച്ചും ഇവിടെ നിന്നും പഴം പച്ചക്കറികളും കയറ്റിറക്കുമതി നടത്തിയിരുന്നു.
വിദേശ യാത്രാക്കപ്പലുകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പച്ചക്കൊടി കാട്ടിയിരിക്കെ, ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ പ്രവാസികൾ മലബാറിൽ നിന്നും ആണെന്നതിനാൽ ബേപ്പൂർ തുറമുഖം കൂടി വികസിപ്പിച്ചു അനിയന്ത്രിതമായ വിമാന യാത്രാക്കൂലി താങ്ങാനാവാത്ത ഈ മേഖല യിലെ സാധാരണ തുച്ഛ വരുമാനക്കാരായ പ്രവാസി യാത്രക്കാർക്ക് കൂടി കപ്പൽയാത്രാ സൗകര്യത്തിനു വഴിയൊരുക്കണം എന്നും മലബാർ പ്രവാസി (യു. എ. ഇ.) യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
മലബാർ പ്രവാസി (യു. എ. ഇ.) ചെയർമാൻ ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സി. പി. മൊയ്തീന്‍ കോയ മാസ്റ്റർ ഉത്ഘാടനം ചെയ്തു. കൺവീനർ അഡ്വ. മുഹമ്മദ് സാജിദ് പ്രമേയം അവതരിപ്പിച്ചു. രാജൻ കൊളാവിപ്പാലം സ്വാഗതവും ബഷീർ മേപ്പയൂർ നന്ദിയും പറഞ്ഞു. മലബാർ ഡെവലപ്പ്മെന്‍റ് ഫോറം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, social-media, ഗതാഗതം, തൊഴിലാളി, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന, സാമൂഹ്യ സേവനം