ഷാര്‍ജ: നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി താന്‍ വരച്ച ചിത്രത്തില്‍ എം.ടി വാസുദേവന്‍ നായര്‍ കയ്യൊപ്പ് ചാര്‍ത്തിയപ്പോള്‍ വിനീതിനത് സ്വപ്ന സാഫല്യത്തിന്റെ നിമിഷം. ചാര്‍കോളും പെന്‍സിലും ഉപയോഗിച്ച് വരച്ച തന്റെ ഛായാ ചിത്രം കണ്ട് എം. ടി അഭിനന്ദിച്ചു. പ്രിയപ്പെട്ട എഴുത്തുകാരുടെ ചിത്രങ്ങള്‍ വരക്കലാണ് കണ്ണൂര്‍ സ്വദേശിയായ വിനീതിന്റെ ഒഴിവു സമയ വിനോദം. നല്ലൊരു ചിത്രകാരനും അതേ സമയം സാഹിത്യാസ്വാദകനായ വിനീത് ഇതിനോടകം നിരവധി പ്രശസ്തരുടെ ചിത്രങ്ങള്‍ വരച്ചു കഴിഞ്ഞു. ഷാര്‍ജ ഇന്റര്‍നാഷ്ണല്‍ ബുക്ക് ഫെയറിനോടനുബന്ധിച്ചുള്ള ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയ എം. ടി. യെ കാണുവാന്‍ വരുമ്പോള്‍ കൂടെ താന്‍ വരച്ച ചിത്രവും കരുതിയിരുന്നു. എന്നാല്‍ ആരാധകരുടെ തിരക്കിനിടയില്‍ ചിത്രം അദ്ദേഹത്തെ കാണിച്ച് ഒരു കൈയ്യൊപ്പു വാങ്ങിക്കുവാനാകും എന്ന് ഒരിക്കലും കരുതിയതല്ല. സുഹൃത്തും ഫോട്ടോഗ്രാഫറുമായ സുല്‍ഫിക്കര്‍ (സുല്‍ തളിക്കുളം) ഡി. സി രവിയെ നേരിട്ടു കണ്ട് കാര്യം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ വിനീതിനെ വേദിയിലേക്ക് കൊണ്ടു പോയി. ഒരു നിമിഷം ചിത്രത്തില്‍ ഒന്ന് സൂക്ഷിച്ചു നോക്കി പിന്നെ മടികൂടാതെ കയ്യൊപ്പ് ചാര്‍ത്തി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ഷാര്‍ജ, സാഹിത്യം