അബുദാബി : കേരളാ സോഷ്യല്‍ സെന്‍റർ (കെ. എസ്. സി.) സംഘടിപ്പിക്കുന്ന കേരളോത്സവം 2023 നവംബർ 24, 25, 26 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ കെ. എസ്. സി. അങ്കണത്തിൽ നടക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
യു. എ. ഇ. യിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ കേരളോത്സവം ഉദ്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി മുഖ്യാതിഥിയാവും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ പരിപാടികൾ, നാടൻ ഭക്ഷ്യ വിഭങ്ങളുടെ തട്ടു കടകൾ, വിൽപ്പന ശാലകൾ, ശാസ്ത്ര പ്രദർശനം, പുസ്തക ശാലകൾ എന്നിവയുണ്ടാവും.
മുഖ്യ പ്രായോജകരായ ബുർജീൽ – എൽ. എൽ. എച്ച് ഗ്രൂപ്പിന്റെയും അഹല്യ ആശുപത്രിയുടെയും നേതൃത്വത്തിൽ മെഡിക്കൽ പരിശോധനാ ക്യാമ്പ്, ആവശ്യക്കാർക്ക് സൗജന്യ ഫ്ലൂ വാക്സീൻ ക്യാമ്പ് (ആദ്യ ദിവസം മാത്രം) എന്നിവയും ലഭ്യമാണ്. മൂന്നു ദിവസ ങ്ങളിലായി മുപ്പതിനായിരത്തോളം ആളുകളെ പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
തിരക്കു നിയന്ത്രിക്കുന്നതിനായി കേരളോത്സവ നഗരിയിലേക്കുള്ള പ്രവേശനത്തിന് പാസ്സുകൾ ഏർപ്പാട് ചെയ്തിട്ടുണ്ട്.
സമാപന ദിവസമായ നവംബർ 26 വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ പ്രവേശന കൂപ്പൺ നറുക്കെടുത്ത്, പ്രായോജകരായ അൽ മസ്ഊദ് ഓട്ടോ മൊബീൽസ് നൽകുന്ന നിസാൻ കാർ ഒന്നാം സമ്മാനമായും വിലപിടിപ്പുള്ള മറ്റു നൂറു സമ്മാനങ്ങളും നൽകും.
കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, വൈസ് പ്രസിഡണ്ട് റോയ് ഐ. വർഗീസ്, സെക്രട്ടറി അഭിലാഷ് തറയിൽ, അൽ മസ്ഊദ് സെയിൽസ് മാനേജർ ഫിറാസ് ഗാനം, എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ഡപ്യൂട്ടി ഡയറക്ടർ ലോണ ബ്രിന്നർ, അഹല്യ ഗ്രൂപ്പ് ഓഫ് ഫാർമസീസ് മാനേജർ അച്യുത് വേണു ഗോപാൽ, അഡ്വാൻസ്‌ഡ് ട്രാവൽസ് കോർപ്പറേറ്റ് മാനേജർ പ്രകാശ് പല്ലിക്കാട്ടിൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ആഘോഷം, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, കേരള സോഷ്യല്‍ സെന്റര്‍, വ്യവസായം, സംഘടന