ദുബായ് : യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കാനായി അപേക്ഷിക്കുന്നവർ ഔട്ട്പാസ് ഫീസായി നൽകേണ്ട തുക ഇനി അടയ്ക്കേണ്ടി വരില്ല എന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സൽമാൻ ഖുർഷിദ് അറിയിച്ചു. ഇത് കേന്ദ്ര സർക്കാർ പൂർണ്ണമായി ഒഴിവാക്കിയതായി കെ. പി. സി. സി. അദ്ധ്യക്ഷൻ രമേഷ് ചെന്നിത്തലയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ചെന്നു കണ്ട പ്രതിനിധി സംഘത്തിനെയാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.
പൊതു മാപ്പ് ലഭിക്കാനായി നേരത്തെ ഔട്ട്പാസ് ഫീസായി 69 ദിർഹം എംബസിയിൽ കെട്ടി വെയ്ക്കേണ്ടതായി വന്നിരുന്നു. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഈ നടപടിക്ക് എതിരെ പ്രവാസി സമൂഹത്തിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നു വന്ന സാഹചര്യത്തിലാണ് സർക്കാർ നിലപാട് മാറ്റിയത്. മറ്റു രാജ്യങ്ങളിലെ എംബസികൾ തങ്ങളുടെ പൌരന്മാരിൽ നിന്നും ഇത്തരത്തിൽ തുക ഈടാക്കാത്ത കാര്യം പ്രവാസി സംഘടനകൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
- ജെ.എസ്.