കൊവിഡ് പശ്ചാത്തലത്തില്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്. ഇതിനു പുറമേ പ്രത്യേക കൊറോണ കെയര്‍ സെന്ററുകളുമുണ്ട്. കൊവിഡ് പ്രതിരോധത്തിന് ത്രിതല സംവിധാനം ആരോഗ്യ വകുപ്പ് തയാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
10813 ഐസൊലേഷന്‍ ബെഡ് ആശുപത്രികളില്‍ സജ്ജമാണ്. ഇതിന് പുറമേ, 517 കൊറോണ കെയര്‍ സെന്ററുകളില്‍ 17461 ഐസൊലേഷന്‍ ബെഡുകളും ഒരുക്കിയിട്ടുണ്ട്. പ്രത്യേക കൊറോണ കെയര്‍ ആശുപത്രി തയാറാക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം 38 കൊറോണ കെയര്‍ ആശുപത്രികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റാപ്പിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി ഉടനെ നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.