തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ രംഗത്ത് ചരിത്രം കുറിച്ച് കൊണ്ട് തിരുവനന്തപുരം ആസ്ഥാനമായ ഹെക്സ്20 എന്ന സ്ഥാപനം ആദ്യമായി ഒരു സ്വകാര്യ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചു. മലയാളി സംരംഭകരായ എം. ബി. അരവിന്ദ്, ലോയ്ഡ് ജേക്കബ്, അമൽ ചന്ദ്രൻ, അനുരാഗ് രഘു എന്നിവരുടെ സ്ഥാപനമായ ഹെക്സ്20 സ്വന്തമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹം മാർച്ച് 15ന് സ്പേസ് ഏക്സ് ൻ്റെ ട്രാൻസ്പോർട്ടർ-13 ആണ് വിക്ഷേപിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യൻ സ്വകാര്യ ഉപഗ്രഹം ഇത്തരത്തിൽ വിക്ഷേപിക്കപ്പെടുന്നത്. ഭാരതപ്പുഴയുടെ പേരിലും തിരുവനന്തപുരം ടെക്നോപാർക്കിൽ ഹെക്സ്20 ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെടിടത്തിൻ്റെ പേര് നിള എന്നായതുമാണ് ഉപഗ്രഹത്തിന് നിള എന്ന് നാമകരണം ചെയ്യാൻ കാരണമായത്.
ഉപഗ്രഹത്തിൽ നിന്ന് വിക്ഷേപിച്ചതിൻ്റെ അടുത്ത ദിവസം ആദ്യ സിഗ്നൽ ഭൂമിയിൽ എത്തിയതായി സാങ്കേതിക വിദഗ്ദ്ധർ അറിയിച്ചു.
തിരുവനന്തപുരത്തെ മരിയൻ കോളജ് ഓഫ് എഞ്ചിനിയറിംഗിൽ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും സജീവ പങ്കാളിത്തത്തോടെ ഉപഗ്രഹത്തിൻ്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ഒരു ഗ്രൗണ്ട് സ്റ്റേഷൻ സജ്ജമാക്കിയിട്ടുണ്ട്.
5 കിലോയിൽ കുറവ് ഭാരം വരുന്ന ഉപഗ്രഹമാണ് ഇപ്പോൾ വിക്ഷേപിച്ചത്. അടുത്ത പടിയായി 50 കിലോ ഭാരമുള്ള ഒരു ഉപഗ്രഹം ഇന്ത്യയുടെ ഐ. എസ്. ആർ. ഓ.യുടെ പി. എസ്. അൽ. വി. ദൗത്യത്തിൻ്റെ ഭാഗമായി ഈ വർഷം അവസാനം വിക്ഷേപിക്കാൻ പദ്ധതിയുണ്ട് എന്ന് കമ്പനിയുടെ സ്ഥാപകരിൽ ഒരാളായ അനുരാഗ് രഘു അറിയിച്ചു.
ഇത്തരമൊരു സംരംഭം ടെക്നോപർക്കിൻ്റെ ഭാഗമായി സ്പേസ് എക്സുമായി ചേന്ന് വിജയകരമായി പൂർത്തിയാക്കിയതിൽ ഏറെ അഭിമാനമുണ്ടെന്ന് ടെക്നോപാർക്ക് സി. ഇ. ഓ. സംജീവ് നായർ അറിയിച്ചു.