
ചെന്നൈ : ഇന്ത്യൻ സമൂഹത്തിൽ ലിവിംഗ്-ഇൻ റിലേഷൻ ഷിപ്പുകൾ വലിയ ‘സാംസ്കാരിക ആഘാതം’ എന്ന് മദ്രാസ് ഹൈക്കോടതി. എന്നാൽ ഇത്തരം ബന്ധങ്ങൾ ഇന്ന് എല്ലായിടത്തും വ്യാപകം ആണെന്നും കോടതി.
ആധുനികത യുടെ ഭാഗമായി യുവതലമുറ ഇതിനെ കാണുന്നു. എന്നാൽ വിവാഹത്തിനുള്ള നിയമ പരമായ സംരക്ഷണം ലിവിംഗ്-ഇൻ റിലേഷൻ ഷിപ്പുകൾക്ക് ഇല്ല എന്നത് ഏറെ വൈകിയാണ് പലരും തിരിച്ചറിയുന്നത് എന്ന് കോടതി നിരീക്ഷിച്ചു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ പ്രതിയായ യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് എസ്. ശ്രീമതിയുടെ നിരീക്ഷണം.
ലിവിംഗ്-ഇൻ ബന്ധങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് നിയമ പരമായ സംരക്ഷണം ഉറപ്പാക്കാൻ അവർക്ക് ‘ഭാര്യ’ എന്ന പദവി നൽകണം എന്നും കോടതി നിർദ്ദേശിച്ചു.
ശാരീരിക ബന്ധത്തിന് ശേഷം പുരുഷന്മാർ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുമ്പോൾ സാമൂഹികവും നിയമ പരവുമായ വെല്ലു വിളികൾ സ്ത്രീകൾ നേരിടുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.
ലിവിംഗ്-ഇൻ റിലേഷൻ ഷിപ്പുകൾ വഷളാകുമ്പോൾ സ്ത്രീകളുടെ സ്വഭാവത്തെ പുരുഷന്മാർ ചോദ്യം ചെയ്യുന്നത് പതിവാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 69 പ്രകാരം വാഗ്ദാനം നൽകി വഞ്ചിക്കുന്നത് കുറ്റകരം ആണെന്നും കോടതി ഓർമ്മിപ്പിച്ചു.


























