അഹമ്മദാബാദ് : പശുവിനെ സംസ്ഥാന ‘രാജ്മാത’ യായി പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി ഗുജറാത്തിലെ കോൺഗ്രസ്സ് എം. പി. രംഗത്തു വന്നു.
കഴിഞ്ഞ വർഷം 2024 ഒക്ടോബറിൽ നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാടൻ പശുവിന് മഹാരാഷ്ട്ര സർക്കാർ രാജ്മാത പദവി നൽകിയിരുന്നു. അതു പോലെ ഗുജറാത്തിലും സംസ്ഥാന മാതാവായി പശുവിനെ പ്രഖ്യാപിക്കണം എന്ന ആവശ്യം ഉന്നയിച്ച് കൊണ്ടാണ് ഇവിടത്തെ ഏക കോൺഗ്രസ്സ് എം. പി. ഗെനി ബെൻ നാഗാജി ഠാക്കോർ, ഗുജറാത്ത് മുഖ്യ മന്ത്രി ഭുപേന്ദ്ര പട്ടേലിന് കത്ത് നൽകിയിരിക്കുന്നത്.
ഗുജറാത്തിന്റെ സംസ്ഥാന മാതാവായി പശുവിനെ പ്രഖ്യാപിക്കണംഎന്ന ആവശ്യവുമായി പ്രാദേശിക മത നേതാവ് മഹന്ത് ദേവനാഥ് ബാപ്പു കഴിഞ്ഞയാഴ്ച മുതല്‍ നിരാഹാര സമരം നടത്തുകയാണ്. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് കോൺഗ്രസ്സ് എം. പി. യുടെ കത്ത്.
ഗോമാതാവായി ജനങ്ങള്‍ പശുവിനെ പൂജിക്കുന്നതു കൊണ്ടാണ് ആവശ്യം ഉന്നയിക്കുന്നത്. അല്ലാതെ മൃദു ഹിന്ദുത്വ നിലപാടിന്റെ ഭാഗം ആയിട്ടല്ല എന്ന ന്യായീകരണവും ഉണ്ട്.