ന്യൂഡല്‍ഹി : ഉത്സവങ്ങളിലെ ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജി പി. ഗോപി നാഥ് മൃഗ സംരക്ഷണ സംഘടനയായ ‘പെറ്റ’ യുടെ അഭി ഭാഷകൻ ആയിരുന്നു എന്ന് ചൂണ്ടിക്കാണിച്ച് വിശ്വ ഗജ സമിതി സമിതി നല്‍കിയ ഹരജിയിലാണ് നടപടി.
ആന എഴുന്നെള്ളിപ്പ് സംസ്‌കാരത്തിൻ്റെ ഭാഗമാണ് എന്നും ഇത് പൂർണ്ണമായി തടയാനുള്ള നീക്കമാണ് ഹൈക്കോടതി നടത്തുന്നത് എന്നും ജസ്റ്റിസ് നാഗ രത്ന വിമര്‍ശിച്ചു. സ്വമേധയാ എടുത്ത കേസിലാണ് ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഹൈക്കോടതി പുറപ്പെടുവിച്ചത് എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
കേരളത്തിലെ നാട്ടാനകളുടെ കണക്കെടുപ്പിന് ഹൈക്കോടതി ഉത്തരവിട്ടത് ആന എഴുന്നെള്ളിപ്പ് തടയുവാനാണ് എന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷന്‍ വികാസ് സിംഗ് പറഞ്ഞു. വിഷയം മറ്റൊരു ബഞ്ചിന്റെ പരിഗണനക്ക് വിടണം എന്നും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുന്നില്‍ ആവശ്യം ഉന്നയിക്കാം എന്ന് ഉത്തരവില്‍ രേഖപ്പെടുത്തണം എന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു എങ്കിലും കോടതി അംഗീകരിച്ചില്ല.
ഹൈക്കോടതി സ്വമേധയാ എടുത്ത കേസുകളുമായി ബന്ധപ്പെട്ട വിഷയ ങ്ങള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീം കോടതി പരിഗണിച്ചില്ല. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ നല്‍കി യിരുന്നത്. ഈ ഹരജിയില്‍ നിലവില്‍ ഇടപെടാനില്ല എന്നും ജസ്റ്റിസ് നാഗ രത്ന വ്യക്തമാക്കി.