അബുദാബി : ഇശൽ ബാൻഡ് അബുദാബിയുടെ ഓണാഘോഷ പരിപാടി ‘ഇശൽ ഓണം 2024’ നവംബർ 17 (ഞായർ) ഉച്ചക്ക് 3 മണി മുതൽ അബുദാബി കേരള സോഷ്യൽ സെൻ്റർ അങ്കണത്തിൽ അരങ്ങേറും. ചലച്ചിത്ര നടൻ സെന്തിൽ കൃഷ്ണകുമാർ മുഖ്യ അതിഥിയായി പരിപാടിയിൽ പങ്കെടുക്കും എന്നും അബുദാബി റഹ്മത്ത് കാലിക്കറ്റ് ഹോട്ടലിൽ നടന്ന പ്രഖ്യാപന യോഗത്തിൽ സംഘാടകർ അറിയിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ ‘ഇശൽ ഓണം 2024’ ബ്രോഷർ പ്രകാശനം ചെയ്തു. അബുദാബി മലയാളീ സമാജം പ്രസിഡണ്ട് സലീം ചിറക്കൽ, മാധ്യമ പ്രവർത്തകരായ സമീർ കല്ലറ, റാഷിദ് പൂമാടം, ഇശൽ ബാൻഡ് പ്രവർത്തകരായ ഹാരിസ് തായമ്പത്ത്, മഹ്റൂഫ് കണ്ണൂർ, ഇക്ബാൽ ലത്തീഫ്, റഫീക്ക് ഹൈദ്രോസ്, സാദിഖ് കല്ലട, ബിസിനസ്സ് രംഗത്ത് നിന്നും മൻസൂർ, ഷരീഫ്, സലീം എന്നിവർ സന്നിഹിതരായി.
മാവേലി എഴുന്നള്ളത്ത്, പുലിക്കളി, താലപ്പൊലി, ചെണ്ട മേളം എന്നിവ യുടെ അകമ്പടിയോടെ ‘ഇശൽ ഓണം 2024’ ഘോഷ യാത്രക്ക് തുടക്കം കുറിക്കും. തിരുവാതിരക്കളി, കൈകൊട്ടിക്കളി, മറ്റു നൃത്ത നൃത്യങ്ങളും അരങ്ങേറും
യുവ ഗായക രായ മീര, ഹിഷാം അങ്ങാടിപ്പുറം ഇശൽ ബാൻഡ് കലാകാരന്മാരും ചേർന്ന് അവതരിപ്പിക്കുന്ന മെഗാ ഗാനമേളയും, മിസ്സി മാത്യു നേതൃത്വം നൽകുന്ന ഫാഷൻ ഷോയും ‘ഇശൽ ബാൻഡ് ഇശൽ ഓണം- 2024’ കൂടുതൽ വർണ്ണാഭമാക്കും എന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 050 566 73 56 എന്ന നമ്പറിൽ ബന്ധപ്പെടാം.