
അബുദാബി : സാംസ്‌കാരിക പ്രവർത്തകനും എഴുത്തു കാരനുമായ വി. ടി. വി. ദാമോദരന് അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ (ഐ. എസ്. സി) ‘ഹ്യൂമാനിറ്റി ആൻഡ് കൾച്ചറൽ ഹാർമണി അവാർഡ്’ നൽകി ആദരിച്ചു.
ഗാന്ധി സന്ദേശ പ്രചാരകനും അബുദാബി ഗാന്ധി സാഹിത്യ വേദിയുടെ സ്ഥാപകൻ കൂടിയായ വി. ടി. വി. മൂന്നു പതിറ്റാണ്ടിലേറെയായി യു. എ. ഇ. യിലെ സാമൂഹിക സാംസ്‌കാരിക സാഹിത്യ മേഖലകളിലെ സജീവ സാന്നിദ്ധ്യമാണ്.

പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുകയും പയ്യന്നൂർ കോൽക്കളിക്ക് ഗൾഫ് നാടുകളിൽ പ്രചാരം നൽകി. ഇതിനെ മാനിച്ച് സംസ്ഥാന സർക്കാരിന്റെ ഫോക് ലോർ അവാർഡ് ലഭിച്ച പ്രവാസി മലയാളി കൂടിയാണ് വി. ടി. വി. ദാമോദരൻ.
കലാ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളുടെ നാൾ വഴികളിൽ പ്രഥമ ഗാന്ധി ഗ്രാം പുരസ്‌കാരം, അക്ഷയ ദേശീയ പുരസ്‌കാരം, ബ്രിട്ടനിൽ നിന്നും മഹാത്മാ പുരസ്‌കാരം, പ്രവാസി സംസ്കൃതി പുരസ്കാരം, മലയാള ഭാഷ പാഠ ശാല പുരസ്‌കാരം, കലാ നികേതൻ അവാർഡ്, ഐ. എസ്. സി. യുടെ മാസ്റ്റർ ഓഫ് ഫോക്‌ലോർ അവാർഡ്, പയ്യന്നുർ മിഡ് ടൌൺ റോട്ടറി അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ വി. ടി. വി. യെ തേടിയെത്തി.
ഐ. എസ്. സിയുടെ 59 ആമത് വാർഷിക ആഘോഷ പരിപാടി കളുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് ഐ. എസ്. സി. പ്രസിഡണ്ട് കെ. ജയചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി പി. സത്യബാബു, മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചേർന്നാണ് വി. ടി. വി. ദാമോദരനെ ആദരിച്ചത്.
ഐ. എസ്. സി. കുടുംബ അംഗങ്ങൾ, സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

























