തിരുവനന്തപുരം : സംസ്ഥാനത്തെ നിപ വൈറസ് ബാധ കണ്ടെത്തുന്നതിനുള്ള സ്യൂഡോ വൈറസ് പരിശോധനാ സംവിധാനം തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV) വികസിപ്പിച്ചു. നിപ സമ്പർക്ക പട്ടിക യിലുള്ളവർക്ക് രോഗ ലക്ഷണങ്ങൾ പ്രകടമാകാതെ അണു ബാധ ഉണ്ടോ എന്ന് അറിയാൻ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. നിപ മാത്രമല്ല, ഡെങ്കിപ്പനിയുടെ നാല് വക ഭേദങ്ങൾ, റാബിസ് വൈറസ് എന്നിവയുടെയും സ്യൂഡോ വൈറസുകൾ IAV വികസിപ്പിച്ച് എടുത്തിട്ടുണ്ട്.
മനുഷ്യരിലും മൃഗങ്ങളിലും നിപ ബാധ കണ്ടെത്താൻ ഈ സംവിധാനം സഹായകമാകും. വവ്വാലുകളിൽ നിന്നും മൃഗങ്ങളിലേക്കും തുടർന്ന് മനുഷ്യരിലേക്കും രോഗം പകരുവാൻ ഉള്ള സാദ്ധ്യത അനുസരിച്ച് രോഗവാഹകരായ മൃഗങ്ങളെ കണ്ടെത്താൻ ഈ പരിശോധന പ്രയോജനപ്പെടും.
വവ്വാലുകളിൽ നിന്ന് പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും നിപ പകർന്ന സാഹചര്യം ഒഴിവാക്കാൻ സ്യൂഡോ വൈറസ് പരിശോധന സഹായിക്കും.
കേരളത്തിന്റെ ആരോഗ്യ രംഗത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്ന ഗവേഷണ-സാങ്കേതിക മുന്നേറ്റമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ ഈ നേട്ടം.
രോഗ നിർണ്ണയത്തിലെ കൃത്യതയും വേഗതയും വർദ്ധിപ്പിക്കുന്ന ഇത്തരം കണ്ടെത്തലുകൾ സംസ്ഥാനത്തെ പൊതു ജനാരോഗ്യ സുരക്ഷിതത്വം കൂടുതൽ ഉറപ്പാക്കുന്നു എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. PRD