ന്യൂഡൽഹി : നൂറ് ശതമാനം ജോലിഗ്യാരണ്ടി, 100% സെലക്ഷൻ എന്നുള്ള പരീക്ഷ കോച്ചിംഗ് സെൻ്ററു കളുടെ അവകാശവാദങ്ങളും തെറ്റായ പ്രചാരണങ്ങളും നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
കോഴ്സിൻ്റെ ദൈർഘ്യം, ഫീസ് ഘടന, റീഫണ്ട് പോളിസി, തൊഴിൽ ലഭിക്കുന്നതിൽ ഉറപ്പ് അടക്കം കോഴ്സുകളുടെ വിശദ വിവരങ്ങൾ, അദ്ധ്യാപകരുടെ യോഗ്യത തുടങ്ങിയ കാര്യങ്ങളിൽ കോച്ചിംഗ് സെൻ്ററുകൾ തെറ്റായ അവകാശ വാദം ഉന്നയിക്കരുത് എന്നും പുതിയ മാർഗ്ഗ രേഖയിൽ പറയുന്നുണ്ട്.
കൂടാതെ വിജയിച്ച കുട്ടികളുടെ പേരുകൾ, ഫോട്ടോ ഗ്രാഫുകൾ, അനുഭവ സാക്ഷ്യങ്ങൾ എന്നിവ അവരുടെ രേഖാമൂലമുള്ള സമ്മതം ഇല്ലാതെ കോച്ചിംഗ് സെൻ്ററുകൾ പരസ്യത്തിന് ഉപയോഗിക്കുവാൻ പാടില്ല. ‘കോച്ചിംഗ് സെക്ടറിലെ തെറ്റായ പരസ്യം തടയൽ’ എന്ന പേരിലുള്ള മാർഗ്ഗ നിർദ്ദേശങ്ങളിൽ അക്കാദമിക് പിന്തുണ, വിദ്യാഭ്യാസം, മാർഗ്ഗ നിർദ്ദേശം, പഠന പരിപാടികൾ, ട്യൂഷൻ എന്നിവയെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കൗൺസിലിംഗ്, സ്പോർട്സ്, ക്രിയേറ്റീവ് വർക്കുകൾ എന്നിവയെ ഇതിൻ്റെ പരിധിയിൽ നിന്നും ഒഴിവാക്കി.
ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി. സി. പി. എ) അന്തിമ മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കിയത്.