
കൊച്ചി : മുൻ ഡി. ജി. പി. ടോമിൻ ജെ. തച്ചങ്കരി ജയിൽ മോചിതനായി. തച്ചങ്കരിയുടെ തടവ് ശിക്ഷ സ്റ്റേ ചെയ്തു കൊണ്ട് ഹൈക്കോടതി വിധി വന്നതോടെയാണ് ജയിലിൽ നിന്നും തച്ചങ്കരി പുറത്തിറങ്ങിയത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തച്ചങ്കരിക്ക് നാല് വര്ഷം തടവ് ശിക്ഷയും 30 ലക്ഷം രൂപ പിഴയും കോട്ടയം വിജിലൻസ് കോടതി വിധിച്ചിരുന്നു. തുടർന്ന് തച്ചങ്കരിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി.
ശിക്ഷാ വിധി സ്റ്റേ ചെയ്യണം എന്ന ആവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജിയിൽ ഹൈക്കോടതി ജസ്റ്റിസ് എ. ബദറുദ്ദീനാണ് വിധി പുറപ്പെടുവിച്ചത്.
ആദ്യമായാണ് സംസ്ഥാനത്ത് അഴിമതിക്കേസിൽ ഒരു മുൻ ഡി. ജി. പി. യെ ജയിലിൽ അടക്കുന്നത്.
2003 ജനുവരി 1 മുതൽ 2007 ജൂലായ് 4 വരെയുള്ള കാലയളവിൽ ഐ. ജി. യായി ഔദ്യോഗിക പദവിയിൽ ഇരിക്കവേ തച്ചങ്കരി 64,70,891 രൂപ അനധികൃതമായി സമ്പാദിച്ച് എന്നായിരുന്നു വിജിലൻസ് കേസ്.
2025 നവംബർ ഒന്നിനാണ് കോട്ടയം വിജിലൻസ് കോടതിയിൽ വിചാരണ തുടങ്ങിയത്. 9 മാസം കൊണ്ട് വിചാരണ പൂർത്തിയാക്കി 2026 സെപ്റ്റംബർ 17 നാണു കോട്ടയം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.


























