ന്യൂഡല്‍ഹി : നിർമ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്), സാമൂഹിക മാധ്യമ ഉത്തരവാദിത്തം എന്നീ മേഖലകളിൽ നിയന്ത്രണവും വികസനവും കൊണ്ടു വരുന്നത് സംബന്ധിച്ച് പാർലമെൻ്റിൽ ഉന്നയിച്ച ചോദ്യങ്ങളെ അഭിസംബോധന ചെയ്യവേ, ഈ മേഖലയിലെ വെല്ലുവിളികൾ നേരിടാൻ ശക്തമായ നിയമ ചട്ടക്കൂട് അനിവാര്യം ആണെന്നും കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. എ. ഐ. ദുരുപയോഗം നിയന്ത്രിക്കുന്നതിന് നിയമ നിര്‍മ്മാണം പരിഗണിക്കും എന്നും മന്ത്രി.
ലോക് സഭയിലെ ചോദ്യോത്തര വേളയില്‍ അടൂര്‍ പ്രകാശ് എം. പി. യുടെ ചോദ്യത്തിനുള്ള മറുപടി യിലാണ് മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം പറഞ്ഞത്. ഇതു സംബന്ധിച്ച് സംവാദത്തിന് സര്‍ക്കാര്‍ തയ്യാറാർ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
എ. ഐ.രംഗത്ത് രാജ്യം ഏറെ മുന്നിലാണ്. ഇതുമായി ബന്ധപ്പെട്ട പദ്ധതികളില്‍ 24 % കൈകാര്യം ചെയ്യുന്ന ഇന്ത്യ, ആഗോള റാങ്കിംഗില്‍ ഒന്നാമതാണ്. എ. ഐ. പരിശീലനത്തിനും ഗവേഷണത്തിനും സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഡിജിറ്റൽ യുഗത്തിൽ വ്യാജ വാർത്തകളെ ചെറുക്കുന്നതിനും ശരിയായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള ഉത്തരവാദിത്വം അതോടൊപ്പം അഭിപ്രായ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യവും മന്ത്രി ഊന്നി പ്പറഞ്ഞു.
രാജ്യത്തെ ടയര്‍-2 ടയര്‍-3 നഗരങ്ങളിലെ ഐ. ടി. ഐ. കളിലും പോളി ടെക്‌നിക്കുകളിലും ഡാറ്റാ ലാബുകള്‍ സജ്ജമാക്കുന്നതിൻ്റെ ഭാഗമായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ കോഴിക്കോട് ഉള്‍പ്പെടെ 27 നഗരങ്ങളില്‍ ഡാറ്റാ ലാബ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഇന്ത്യ എ. ഐ. മിഷൻ്റെ ഭാഗമായി രാജ്യത്തെ 50 മുന്‍നിര സ്ഥാപനങ്ങളിൽ ഗവേഷണ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി. Twitter