ന്യൂഡല്‍ഹി : തൊഴില്‍ രഹിതര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി ഓൺലൈൻ – സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ഇരിക്കുന്നവരെ ലക്‌ഷ്യം വെച്ച് കൊണ്ട് പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓണ്‍ ലൈന്‍ ജോലിയുടെ പേരില്‍ ‘പിഗ് ബുച്ചറിംഗ് സ്‌കാം’ അല്ലെങ്കില്‍ ‘ഇന്‍വെസ്റ്റ് മെന്റ് സ്‌കാം’ എന്നിങ്ങനെ ലോക വ്യാപകമായി തട്ടിപ്പ് നടക്കുന്നു എന്നുള്ളതും മന്ത്രാലയം ഓർമ്മിപ്പിക്കുന്നു. ഓണ്‍ ലൈന്‍ തട്ടിപ്പ് നടത്തുന്നവര്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന സമൂഹ മാധ്യമം വാട്‌സാപ്പ് തന്നെയാണ്. തൊട്ടു പിന്നാലെ ടെലഗ്രാം, ഇന്‍സ്റ്റഗ്രാം എന്നിവയുമുണ്ട്.
‘പിഗ് ബുച്ചറിംഗ് സ്‌കാം’ (പന്നിക്കശാപ്പ് തട്ടിപ്പ്) നടത്തുന്നവർ പണം തട്ടിയെടുക്കും മുന്‍പ് വ്യക്തി കളുമായി കഴിയുന്നത്ര അടുപ്പം സ്ഥാപിക്കുകയും നമ്മുടെ സ്വകാര്യ വിവരങ്ങൾ വരെ ചോർത്തി എടുക്കുകയും ചെയ്യുന്നു.
ജീവകാരുണ്യം, ചികിത്സാ സഹായം, അഗതികൾക്കും അശരണർക്കും കൈത്താങ്ങ് എന്നിവയൊക്കെയാണ് ഈ സൈബർ കുറ്റവാളികൾ മുദ്രാവാക്യം ആക്കിയിരിക്കുന്നത്. പന്നികള്‍ക്ക് ആവശ്യത്തിന് തീറ്റയും പരിചരണവും നല്‍കി അവസാനം കശാപ്പു ചെയ്യുന്ന രീതിക്ക് സമാനമാണ് ഈ തട്ടിപ്പ് എന്നതു കൊണ്ടാണ് ഇതിന് ഈ പേരു വന്നത്. ഇരകളുമായി വിശ്വാസം വളര്‍ത്തിയെടുക്കും.
ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ലാഭകരമായ സ്‌കീമുകളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും ആദ്യം ചെറിയ ലാഭം നല്‍കി ഇരകളുടെ വിശ്വാസം നേടിയെടുത്ത് പിന്നീട് മുഴുവന്‍ സമ്പാദ്യവും തട്ടിയെടുത്ത് മുങ്ങുന്നതാണ് പന്നിക്കശാപ്പ് തട്ടിപ്പുകാരുടെ രീതി.
2024 ലെ ആദ്യ പാദത്തിൽ വാട്‌സാപ്പ് വഴി തട്ടിപ്പുകളിൽ കുടുങ്ങിയ 43,797 പരാതികൾ ലഭിച്ചിരുന്നു. ഇതേ കാലയള വില്‍ ടെലഗ്രാം വഴി തട്ടിപ്പുകളിൽ പെട്ടവർ 22,680 പേരും ഇന്‍സ്റ്റ ഗ്രാം വഴി തട്ടിപ്പുകളിൽ പെട്ടവർ 19,800 പേരും പരാതി നൽകിയിട്ടുണ്ട്.
സംഘടിത സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്കായി ഫെയ്‌സ് ബുക്ക് വഴി സ്‌പോണ്‍സേഡ് പരസ്യങ്ങളും ഉപയോഗിച്ചു വരുന്നുണ്ട്. നിയമ വിരുദ്ധ ആപ്പുകള്‍ ആളുകളിലേക്ക് എത്തിക്കാന്‍ ലിങ്ക് ഷെയര്‍ ചെയ്യുന്നതാണ് പ്രധാന രീതി. ഇതില്‍ ക്ലിക്ക് ചെയ്യുന്ന തോടെ ഫോണിലെ എല്ലാ സുപ്രധാന വിവരങ്ങളും ചോർത്തി എടുക്കും.
തട്ടിപ്പു തടയാന്‍, ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ ഗൂഗിളുമായും ഫെയ്‌സ് ബുക്കുമായും സഹകരിച്ച് വിവരങ്ങള്‍ കൈമാറാനും നടപടി എടുക്കുവാനും ശ്രമിക്കുന്നുണ്ട് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.