ദുബായ് : പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ലുലു എക്സ് ചേഞ്ച് നൂറാമത്തെ ശാഖ ദുബായ് അൽ വർഖയിലെ ക്യൂ വൺ മാളിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ കൗൺസിൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, സി. ഇ. ഒ. റിച്ചാർഡ് വാസൻ, മറ്റ് വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു. ഇതോടെ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന് കീഴിൽ ആഗോള തലത്തിൽ 314 ശാഖകളായി.
അവശ്യ സാമ്പത്തിക സേവനങ്ങൾക്ക് നൽകുന്ന പരിഗണനയാണ് ലുലു എക്സ് ചേഞ്ചിന്‍റെ ശ്രദ്ധേയമായ വളർച്ചക്കു കാരണം എന്ന് യു. എ. ഇ. യിലെ നൂറാമത്തെ ശാഖ ഉദ്ഘാടനം ചെയ്തു കൊണ്ട് ദുബായിലെ ഇന്ത്യൻ കൗൺസിൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു. യു. എ. ഇ. യിലെ ഈ 100-മത്തെ ശാഖ ഒരു സുപ്രധാന മുന്നേറ്റമാണ്, ഇത് സമൂഹത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധത കൂടി പ്രതിഫലിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.
യു. എ. ഇ. യിലെ ഈ ചരിത്ര നേട്ടം തങ്ങളെ കൂടുതൽ ഉത്തരവാദിത്വം ഏൽപ്പിക്കുന്നു. സമഗ്രതയും ഉപഭോക്തൃ സംതൃപ്തിയും ഞങ്ങൾ ലക്‌ഷ്യം വെക്കുന്നു എന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം. ഡി. അദീബ് അഹമ്മദ് പറഞ്ഞു.
അതോടൊപ്പം യു. എ. ഇ. യുടെ ഭരണ നേതൃത്വത്തിൽ നിന്നുള്ള നിരന്തരമായ പിന്തുണ ഞങ്ങളുടെ വളർച്ചാ യാത്രയിൽ നിർണ്ണായകം തന്നെ യെന്നും അവരുടെ തന്ത്ര പരമായ കാഴ്ചപ്പാടും മികവിനോടുള്ള പ്രതി ബദ്ധതയും ഞങ്ങളുടെ വിജയത്തിന് ശക്തമായ അടിത്തറ നൽകി വരുന്നതായും അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.
അബുദാബിയിൽ 2009 ൽ തുടക്കം കുറിച്ച ലുലു എക്സ് ചേഞ്ച് കഴിഞ്ഞ 15 വർഷമായി മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നു. യു. എ. ഇ. യിലെ ഏഴ് എമിറേറ്റു കളിലും കമ്പനിക്ക് മികച്ച അടിത്തറയുണ്ട്. 2023 ൽ 9.4 ബില്യൺ ഡോളറാണ് ലുലു എക്സ്ചേഞ്ച് വിനിമയം ചെയ്തത്. LuLu FB, Twitter X