
ന്യൂഡൽഹി : റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ഡിജിറ്റൽ കറൻസി e-Rupee, ഡിസംബർ ഒന്നു മുതൽ റീട്ടെയിൽ മേഖലയിൽ പരീക്ഷണ അടിസ്ഥാനത്തിൽ പുറത്തിറക്കും. ഇപ്പോള്‍ ഉപയോഗിക്കുന്ന കറന്‍സി നോട്ടിന്‍റെ അതേ മൂല്യം തന്നെ ആയിരിക്കും ഡിജിറ്റല്‍ രൂപയായ ഇ-റുപീക്കും.
കറന്‍സി നോട്ടിന്‍റെ ഇലക്ട്രോണിക് പതിപ്പ് ആണ് ഇ-റുപീ അഥവാ ഡിജിറ്റല്‍ രൂപ.
ഡിജിറ്റൽ കറൻസിയെ CBDC-W, എന്നും CBDC-R എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. CBDC-W മൊത്തക്കച്ചവട കറൻസിയെയും CBDC-R റീട്ടെയിൽ കറൻസിയെയും സൂചിപ്പിക്കുന്നു. 2022 ലെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധന മന്ത്രി നിർമ്മല സീതാ രാമനാണ് e-Rupee പ്രഖ്യാപനം നടത്തിയത്.
ബാങ്ക് നല്‍കുന്ന ഡിജിറ്റല്‍ വാലറ്റ് / ആപ്പ് വഴിയാണ് e-Rupee ഉപയോഗിച്ചുള്ള പണമിടപാട് നടത്തേണ്ടത്. വ്യക്തികള്‍ തമ്മിലും വ്യക്തിയും കട ഉടമയും തമ്മിലും മറ്റും പണമിടപാട് നടത്താന്‍ ഡിജിറ്റല്‍ രൂപ ഉപയോഗിക്കാം. കടകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യു-ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇ-റുപീ വഴി പണമിടപാട് നടത്താം.
എട്ടു ബാങ്കുകൾക്ക് e-Rupee സംവിധാനത്തിനുള്ള അനുമതി ആർ. ബി. ഐ. നൽകിയിട്ടുണ്ട്. SBI, ICICI, യെസ് ബാങ്ക്, IDFC എന്നീ നാല് ബാങ്കു കളുടെ നേതൃത്വത്തിണ് ആദ്യ ഘട്ടത്തില്‍ ഡിജിറ്റല്‍ രൂപ പുറത്തിറക്കുക. അടുത്ത ഘട്ടത്തില്‍ ബാങ്ക് ഓഫ് ബറോഡ, യുണിയൻ ബാങ്ക്, HDFC, കൊട്ടക് മഹീന്ദ്ര എന്നിവയും പദ്ധതിയില്‍ ചേരും.
തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ നിശ്ചിത എണ്ണം ആളുകൾക്ക് ഇടയിലാണ് ആദ്യഘട്ട പരീക്ഷണം. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഭുവനേശ്വര്‍ എന്നീ നഗരങ്ങളില്‍ മാത്രമേ ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ രൂപ ലഭ്യമാവുകയുള്ളു.
രണ്ടാം ഘട്ടത്തിലാണ് കേരളം പദ്ധതിയില്‍ ഉള്‍പ്പെടുക. കൊച്ചി, ഹൈദരാബാദ്, അഹമ്മദാബാദ്, ഗുവാഹത്തി, ഇന്‍ഡോർ, ലഖ്നൗ, പാട്ന, ഷിംല എന്നീ നഗരങ്ങളിൽ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തും. പദ്ധതിയുടെ പുരോഗമനം അനുസരിച്ച് കൂടുതൽ ബാങ്കുകളും നഗരങ്ങളും ഇതിൽ ഭാഗമാകും.
നിലവിലെ കറൻസി നോട്ടുകൾക്ക് പുറമെയാണ് ഇ-റുപീ വിനിമയം. ഇത് ഇടപാടുകൾ കൂടുതൽ സുഗമം ആക്കും എന്ന് ആർ. ബി. ഐ. അറിയിച്ചു.
റഷ്യ, സ്വീഡന്‍, ചൈന, അമേരിക്ക, ജമൈക്ക, ബഹാമസ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലും ഡിജിറ്റല്‍ കറന്‍സികള്‍ ഉപയോഗത്തിലുണ്ട്.