
തിരുവനന്തപുരം : 2025 ലെ വയലാർ രാമവർമ്മ സാഹിത്യ അവാർഡ്, വയലാറിന്റെ ചരമ വാർഷിക ദിനമായ ഒക്ടോബർ 27 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ഇ. സന്തോഷ് കുമാറിനു സമ്മാനിക്കും. ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതി യാണ് ഇ. സന്തോഷ് കുമാറിനെ അവാർഡിന് അർഹനാക്കിയത്. വയലാർ ട്രസ്റ്റ് പ്രസിഡണ്ട് പെരുമ്പടവം ശ്രീധരൻ പുരസ്കാരം സമർപ്പിക്കും.
‘വയലാർ വർഷം 2025-26 : 50-ാം സമൃതിയും അവാർഡും’ എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം 50 സ്മൃതി ദീപങ്ങൾ തെളിയിച്ച് വയലാർ അവാർഡ് ജേതാക്കളായ പെരുമ്പടവം ശ്രീധരൻ, ശ്രീകുമാരൻ തമ്പി, പ്രഭാ വർമ്മ, കെ. പി. രാമനുണ്ണി, സുഭാഷ്ചന്ദ്രൻ, ടി. ഡി. രാമ കൃഷ്ണൻ, വി. ജെ. ജെയിംസ്, ഏഴാച്ചേരി രാമചന്ദ്രൻ, ബെന്യാമിൻ, എസ്. ഹരീഷ്, അശോകൻ ചരുവിൽ, ഇ. സന്തോഷ് കുമാർ എന്നിവർ ചേർന്ന് നിർവ്വഹിക്കും.
12 വർഷം വയലാർ ട്രസ്റ്റ് പ്രസിഡണ്ട് ആയിരുന്ന പ്രൊഫ. എം. കെ. സാനുവിനെ ചടങ്ങിൽ അനുസ്മരിക്കും.
വയലാറിൻ്റെ കവിതയെ ആസ്പദമാക്കി വയലാറിൻ്റെ ചെറു മകൾ രേവതി വർമ്മ നേതൃത്വം നൽകി കേരള കലാ മണ്ഡലം അവതരി പ്പിക്കുന്ന നൃത്താവിഷ്കാരവും വയലാറിൻ്റെ ശാസ്ത്രീയ സംഗീത കൃതികളെ ഉൾപ്പെടുത്തി ഡോ. കെ ആർ. ശ്യാമയുടെ നേതൃത്വ ത്തിൽ തിരുവനന്തപുരം ഗവണ്മെണ്ട് വനിതാ കോളേജിലെ സംഗീത വിഭാഗം അവതരിപ്പിക്കുന്ന കർണ്ണാടക സംഗീത അവതരണവും ഗായകരുടെ നേതൃത്വത്തിൽ വയലാർ ഗാന സന്ധ്യയും എൻ. എസ്. സുമേഷ് കൃഷ്ണൻ്റെ കവിതാലാപനവും അരങ്ങേറും.






























