അബുദാബി : യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, റമദാനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ‘ഫാദേഴ്സ് എൻഡോവ്മെൻറ്’ പദ്ധതിയിലേക്ക് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർ മാനുമായ ഡോ. ഷംഷീർ വയലിൽ 5 മില്യൺ ദിർഹം (11.78 കോടി രൂപ) നൽകി.
പിതാക്കന്മാരെ ആദരിക്കുന്നതിനും ചികിത്സ, ആരോഗ്യ സംരക്ഷണം എന്നിവക്കായി ആരംഭിച്ച എൻഡോവ്മെൻറ് ഫണ്ട് മാതാ പിതാക്കളോടുള്ള ബഹുമാനം, കാരുണ്യം, ഐക്യ ദാർഢ്യം എന്നീ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ യു. എ. ഇ. യുടെ സ്ഥാനം ഊട്ടി ഉറപ്പിക്കുവാനും ലക്ഷ്യമിട്ടാണ്.
പദ്ധതിയിൽ പങ്കാളിയായതിന് ഡോ. ഷംഷീറിനെ ദുബായ് കിരീടാവകാശിയും യു. എ. ഇ. ഉപ പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സി ക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദരിച്ചു.
സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന വ്യക്തികളുടെ ജീവിതത്തിൽ വെളിച്ചവും പ്രത്യാശയും പകരുന്ന ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതി യു. എ. ഇ. യുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നും ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
“നമ്മുടെ ജീവിതത്തിൽ പിതാക്കന്മാർ വഹിക്കുന്ന പങ്ക്, അവരുടെ സമർപ്പണം, നല്ലൊരു തലമുറയെ വാർത്തെടുക്കാനുള്ള അവരുടെ ത്യാഗങ്ങൾ എന്നിവക്ക് എല്ലാം ഉള്ള ആദരവാണ് ഫാദേഴ്സ് എൻഡോവ്മെൻറ് ഫണ്ടിലേക്കുള്ള ബുർജീൽ നൽകിയ സംഭാവന.
മറ്റുള്ളവർക്ക് കൈത്താങ്ങാവുക എന്ന ബുർജീലിൻ്റെ ആശയത്തോട് ചേർന്ന് നിൽക്കുന്നതാണിത്. മാത്രമല്ല, ഇതിലൂടെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സിന്റെ ജീവ കാരുണ്യ പ്രവർത്തന വ്യാപ്തി ആഗോള തലത്തിൽ വർദ്ധിപ്പി ക്കുവാനും സാധിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
റമദാനിൽ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സ് നടപ്പാക്കുന്ന ജീവ കാരുണ്യ പദ്ധതികളിലെ സ്ഥിരം പങ്കാളിയാണ് ഡോ. ഷംഷീർ. പാവപ്പെട്ടവർക്ക് ഭക്ഷണം എത്തിക്കുവാൻ ഉള്ള മുൻ വർഷങ്ങളിലെ പദ്ധതിയിലും അദ്ദേഹം ഭാഗമായിരുന്നു.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് സംഭാവന നൽകാം.
ഇതിനായി വെബ് സൈറ്റ് (Fathersfund.ae), കോൾ സെന്റർ (800 4999), ദുബായ് നൗ (Dubai Now) ആപ്പ്, ദുബായ് കമ്മ്യൂണിറ്റി സംഭാവന പ്ലാറ്റ്‌ഫോമായ ജൂഡ് (Jood.ae), ബാങ്ക് ട്രാൻസാക്ഷൻ, എസ്. എം. എസ്. (10 ദിർഹം സംഭാവന ചെയ്യാൻ 1034 എന്ന നമ്പറിലേക്കും, 50 ദിർഹം സംഭാവന ചെയ്യാൻ 1035 ലേക്കും, 100 ദിർഹം സംഭാവന ചെയ്യാൻ 1036 ലേക്കും, 500 ദിർഹത്തിന് 1038 ലേക്കും ‘ഫാദർ’ എന്ന് എസ്. എം. എസ്. ചെയ്ത് സംഭാവനകൾ അയക്കുവാനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. DXB Media twitter