
ഔദ്യോഗിക പദവിയിൽ ഇരിക്കവേ വരവിൽ ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ മുൻ ഡി. ജി. പി. ടോമിൻ ജെ. തച്ചങ്കരിക്ക് ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി. നാല് വര്‍ഷം തടവ് ശിക്ഷയും 30 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.
സർവ്വീസിൽ ഉള്ളപ്പോൾ വരുമാനത്തിന് നിരക്കാത്ത വിധം വീടുകള്‍, ഫ്ളാറ്റുകള്‍, വസ്തു വകകള്‍ തുടങ്ങിയവ സമ്പാദിച്ചു എന്ന് കാണിച്ച് ബോബി കുരുവിള നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തിയത്.
കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ തച്ചങ്കരി സംസ്ഥാന പോലീസ് ഉപമേധാവി ആയിരുന്നു. ഡി. ഐ. ജി. യായി സ്ഥാനക്കയറ്റം കിട്ടിയ ശേഷം ഡി. വൈ. എസ്. പി. യുടെ നേതൃത്വ ത്തിൽ ആയിരുന്നു അന്വേഷണം.
സ്വത്തു വകകള്‍ കുടുംബ വിഹിതമായും ഇഷ്ട ദാനമായും ലഭിച്ചതാണ് എന്നും കേസ് ഒഴിവാക്കണം എന്നും ആവശ്യപ്പെട്ട് ടോമിന്‍ ജെ. തച്ചങ്കരി നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍, കുറ്റപത്രം നില നില്‍ക്കും എന്ന് കണ്ടെത്തി കോടതി തള്ളിയിരുന്നു.
സംസ്ഥാന പൊലീസിലെ ഉന്നത പദവി വഹിച്ച ആളാണ് ടോമിന്‍ തച്ചങ്കരി. അതു കൊണ്ട് തന്നെ ശിക്ഷ ഇളവ് അര്‍ഹിക്കുന്നില്ല എന്നും കോടതി പറഞ്ഞു. തച്ചങ്കരിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.


























