അബുദാബി : ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ (ഐ. എസ്. സി.) ഔഖാഫ് മന്ത്രാലയവുമായി (മത കാര്യ വകുപ്പ്) സഹകരിച്ചു സംഘടിപ്പിക്കുന്ന ഏഴാമത് ഖുര്‍ആന്‍ പാരായണ മത്സരം 2023 ഏപ്രില്‍ 11 ചൊവ്വാഴ്ച മുതല്‍ നാലു ദിവസങ്ങളിലായി ഐ. എസ്. സി. യില്‍ വെച്ച് നടക്കും. വിധി കര്‍ത്താക്കളായി മത കാര്യ വകുപ്പ് അംഗീകരിച്ച ഖുര്‍ആന്‍ പണ്ഡിതര്‍ എത്തും.
യു. എ. ഇ. പൗരന്മാര്‍ക്കും താമസ വിസയുള്ള മറ്റു രാജ്യക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തിന് മുന്നോടിയായി ചൊവ്വാഴ്ച രാത്രി ഒമ്പത് മണി മുതല്‍ തലീം-ഇസ്ലാമിക് ഫാമിലി ക്വിസ് മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.
നാലു വിഭാഗങ്ങളില്‍ മത്സരം നടക്കും. ആദ്യ വിഭാഗം 25 വയസ്സു വരെ ഉള്ളവര്‍ക്ക്. പാരായണ ഭാഗം ഖുര്‍ആന്‍റെ 15 ഭാഗങ്ങളില്‍ നിന്നുള്ളതായിരിക്കും (ആദ്യത്തെ പതിനഞ്ച് ജുസ്ഹ്).
രണ്ടാം വിഭാഗം 20 വയസ്സു വരെ ഉള്ളവര്‍ക്ക്. ഖുര്‍ആന്‍റെ 10 ഭാഗങ്ങളില്‍ നിന്നുള്ളത് (പത്ത് ജുസ്ഹ്).
മൂന്നാം വിഭാഗ മത്സരത്തില്‍ 15 വയസ്സു വരെ ഉള്ളവര്‍ക്ക് പങ്കെടുക്കാം. ഖുര്‍ആന്‍റെ 5 ഭാഗങ്ങളില്‍ നിന്നുള്ള പാരായണം (അഞ്ച് ജുസ്ഹ്).
ഖുര്‍ ആന്‍ പാരായണം, തജ്വീദ് മത്സരമാണ് നാലാം വിഭാഗം. ഇത് എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാം. മത്സരത്തിലേക്ക് പ്രവേശനം സൗജന്യമാണ്.
ഓരോ വിഭാഗത്തിലെയും വിജയികള്‍ക്ക് മെമന്‍റൊ കളും ക്യാഷ് പ്രൈസുകളും സമ്മാനിക്കും. പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. ഏപ്രില്‍ 15 ശനിയാഴ്ച രാത്രി 9.30 മുതല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
സ്വദേശികളെയും പ്രവാസി സമൂഹത്തെയും വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനും അത് ഹൃദിസ്ഥം ആക്കുന്നതിനും മത്സരാധിഷ്ഠിതമായ അന്തരീക്ഷ ത്തില്‍ പാരായണം ചെയ്യാനും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ ലക്ഷ്യം.
രാഷ്ട്ര പിതാവ് ശൈഖ് സായിദിനെ അനുസ്മരിച്ചു കൊണ്ട്, സാമൂഹിക പ്രതി ബദ്ധതയുടെ ഭാഗമായി ഏഴാം വര്‍ഷവും ഐ. എസ്. സി. യില്‍ ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നത് എന്ന് പ്രസിഡണ്ട് ഡി. നടരാജനും ജനറല്‍ സെക്രട്ടറി പി. സത്യ ബാബുയും പറഞ്ഞു.