അബുദാബി : എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കെ. കെ. ശ്രീ. പിലിക്കോട് രചിച്ച ലേഖന സമാഹാരം ‘ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ’ പ്രകാശനം ചെയ്തു. അബുദാബി മലയാളി സമാജം സാഹിത്യ വിഭാഗം പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ വെച്ച് സമാജം പ്രസിഡണ്ട് സലിം ചിറക്കൽ പ്രകാശന കർമ്മം നിർവ്വഹിച്ചു. നാടക പ്രവർത്തകനും എഴുത്തുകാരനുമായ കെ. വി. ബഷീർ പുസ്തകം ഏറ്റു വാങ്ങി.
സമാജം ഭാരവാഹികളായ മഹേഷ്, ഷാജഹാൻ ഹൈദരലി, ലാലി സാംസൺ, കൂടാതെ ടി. പി. ഗംഗാധരൻ, സുരേഷ് പയ്യന്നൂർ, എ. എം. അൻസാർ ചടങ്ങിൽ സംബന്ധിച്ചു. പുസ്തക രചയിതാവ് കെ. കെ. ശ്രീ. പിലിക്കോട് എഴുത്തു വഴികളെ ക്കുറിച്ച് സംസാരിച്ചു.
പ്രവാസം എന്ന രൂപകത്തെ ആഴത്തിൽ വരച്ചിടുകയും പ്രവാസി മലയാളികൾ നേരിടുന്ന സമകാലിക ജീവിത പ്രശ്നങ്ങളെ പരിശോധിക്കുകയും ചെയ്യുന്ന പതിനേഴ് ലേഖനങ്ങൾ അടങ്ങിയതാണ് ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ.