അബുദാബി : കേരള സോഷ്യല്‍ സെൻ്റര്‍ സംഘടിപ്പിച്ച പന്ത്രണ്ടാമത് ഭരത് മുരളി സ്മാരക നാടകോത്സവത്തില്‍ ഓർമ്മ ദുബായ് അവതരിപ്പിച്ച ‘ഭൂതങ്ങൾ’ മികച്ച നാടകമായി തെരഞ്ഞെടുത്തു.
അബുദാബി ശക്തി തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച സോവിയറ്റ് സ്റ്റേഷൻ കടവ്, ഒന്റാരിയൊ തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച ‘കാമ മോഹിതം’ എന്നീ നാടകങ്ങൾ രണ്ടാം സ്ഥാനം പങ്കിട്ടു. ഷാർജ ചമയം തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച ടോയ്‌മാൻ മൂന്നാം സ്ഥാനം നേടി.
മികച്ച സംവിധായകൻ : ഒ. ടി. ഷാജഹാൻ (ഭൂതങ്ങൾ), മികച്ച രണ്ടാമത്തെ സംവിധായകൻ : സുവീരൻ (കാമ മോഹിതം), മികച്ച പ്രവാസി സംവിധായകൻ : ബിജു കൊട്ടില (കെ. പി. ബാബുവിൻ്റെ പൂച്ച).
മികച്ച നടൻ : പ്രകാശ് തച്ചങ്ങാട് (സോവിയറ്റ് സ്റ്റേഷൻ കടവ്). മികച്ച നടിക്കുള്ള അവാർഡ് ദിവ്യ ബാബു രാജ് (ജീവ ലത), സുജ അമ്പാട്ട് (ടോയ്‌മാൻ) എന്നിവർ പങ്കിട്ടു. മികച്ച ബാല താരങ്ങളായി അക്ഷയ് ലാൽ (ഭൂതങ്ങൾ), അഞ്ജന രാജേഷ് (ജീവലത) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റ് അവാർഡുകൾ : ചമയം : ടോയ്മാൻ – ചമയം ഷാർജ , പശ്ചാത്തല സംഗീതം : കാമമോഹിതം – വിജു ജോസഫ്, രംഗ സജ്ജീകരണം : ഭൂതങ്ങൾ – അലിയാർ അലി, പ്രകാശ വിതാനം: മരണക്കളി – അനൂപ് പൂന, സ്‌പെഷ്യൽ ജൂറി അവാർഡ് ക്ലിന്റ് പവിത്രൻ (മേക്കപ്പ്),മികച്ച ഏകാങ്ക നാടക രചന : ബാബുരാജ് പിലിക്കോട്.
അവതരിപ്പിച്ച നാടകങ്ങളുടെ വിശദമായ അവലോകനം, വിധികർത്താക്കളായ പ്രമോദ് പയ്യന്നൂർ, പി. ജെ . ഉണ്ണികൃഷ്ണൻ എന്നിവർ നിർവ്വഹിച്ചു.
കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. സത്യൻ, കലാ വിഭാഗം സെക്രട്ടറിമാരായ ലതീഷ് ശങ്കർ, ബാദുഷ, അഡ്വ. അൻസാരി സൈനുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.