അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന ഇന്‍ഡോ-അറബ് കൾച്ചറൽ ഫെസ്റ്റ് 2024 ജനുവരി 19, 20, 21 വെള്ളി, ശനി, ഞായര്‍ എന്നീ ദിവസ ങ്ങളിൽ മുസഫ ക്യാപിറ്റല്‍ മാളിന് സമീപം പ്രത്യേകം തയ്യാറാക്കിയ ‘ബൊലെ വാർഡ് അവന്യൂ’ വിൽ വെച്ച് നടക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജനുവരി 19 വെള്ളിയാഴ്ച രാത്രി 7.30 ന് ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ ഇന്‍ഡോ-അറബ് കൾച്ചറൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. യു. എ. ഇ. പൗര പ്രമുഖരും വിവിധ സാമൂഹിക സംഘടനാ നേതാക്കളും വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.
ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള ബന്ധം വിവരിക്കുന്ന ഇന്‍ഡോ-അറബ് കൾച്ചറൽ ഫെസ്റ്റ് ഇരു രാജ്യ ങ്ങളുടെയും കലാ സാംസ്കാരിക പൈതൃകം സമ്മേളിക്കുന്ന വിവിധ കലാ പരിപാടികളും അതോടൊപ്പം രണ്ടു രാജ്യ ങ്ങളെയും തമ്മിൽ ബന്ധി പ്പിക്കുന്ന രുചി വൈവിധ്യങ്ങളും അവതരിപ്പിക്കും.
ജനുവരി 20 ശനിയാഴ്ച ചലച്ചിത്ര താരങ്ങളായ സരയു മോഹന്‍, മനോജ് ഗിന്നസ്, കൃഷ്ണ പ്രഭ, രാജേഷ് തിരുവമ്പാടി എന്നിവര്‍ നയിക്കുന്ന സംഗീത നൃത്ത ഹാസ്യ കലാ പ്രകടന പരിപാടികൾ അരങ്ങേറും.
ജനുവരി 21 ഞായറാഴ്ച ഇന്‍ഡോ അറബ് ഫ്യൂഷന്‍ മ്യൂസിക്, സ്വദേശീയ നൃത്ത രൂപമായ അയാല, ഈജിപ്ത്യൻ സംഗീത ശാഖയിലെ തന്നൂറാ തുടങ്ങിയവ അരങ്ങേറും. പത്ത് ദിർഹം പ്രവേശന നിരക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പ്രവേശന കൂപ്പൺ നറുക്കിട്ട് ഒന്നാം സമ്മാനമായായി ഒരാള്‍ക്ക് 20 പവന്‍ സ്വർണ്ണം മറ്റു 55 പേർക്ക് വില പിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കും.
വാർത്താ സമ്മേളനത്തിൽ സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ, ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, ഹാൻഡി ഹ്യൂമൻ ഇവൻറ്സ് സ്ഥാപകയും ജനറൽ മാനേജരുമായ മസൂമ അൽ ഐദാനി അൽ ബുആലി, സമാജം ട്രഷറർ അജാസ് അപ്പാടത്ത്, വൈസ് പ്രസിഡണ്ട് രെഖിൻ സോമൻ, ചീഫ് കോഡിനേറ്റർ സാബു അഗസ്റ്റിൻ, മീഡിയ സെക്രട്ടറി ഷാജഹാന്‍ ഹൈദര്‍ അലി തുടങ്ങിയവർ സംബന്ധിച്ചു.