അബുദാബി : കലാലയം സാംസ്‌കാരിക വേദി നടത്തുന്ന പതിനാലാം എഡിഷന്‍ ‘യു. എ. ഇ. പ്രവാസി സാഹിത്യോത്സവ്’ 2024 നവംബര്‍ 24 ഞായറാഴ്ച അബുദാബി നാഷണല്‍ തിയേറ്ററില്‍ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മാപ്പിളപ്പാട്ട്, ഖവാലി, ദഫ്, മദ്ഹ്ഗാനം, സൂഫി ഗീതം, മലയാള പ്രസംഗം, കഥാ രചന, കവിതാ രചന, കോറൽ റീഡിംഗ്, കൊളാഷ്, സ്പോട് മാഗസിൻ തുടങ്ങി 73 മത്സര ഇനങ്ങള്‍ 12 വേദികളിലായി നടക്കുന്ന സാഹിത്യോത്സവ് രാവിലെ 8 മണിക്ക് ആരംഭിക്കും.
രജിസ്റ്റർ ചെയ്ത 7119 പേരിൽ നിന്നും യൂനിറ്റ്, സെക്‌ടർ, സോൺ ഘടകങ്ങളിൽ മത്സരിച്ച് വിജയിയായ ആയിരം പ്രതിഭകളാണ് നാഷണല്‍ സാഹിത്യോത്സ വിൽ മാറ്റുരക്കുക.
‘പരദേശിയുടെ നിറക്കൂട്ട്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യോത്സവില്‍ ജൂനിയർ, സെക്കണ്ടറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. യു. എ. ഇ. യിലെ വിവിധ സ്‌കൂളു കളിൽ നിന്ന് ക്യാമ്പസ് വിഭാഗത്തിൽ പ്രത്യേക മത്സര ങ്ങളും നടക്കും.
പ്രവാസി വിദ്യാർത്ഥി -യുവ ജനങ്ങളിൽ നിന്ന് കലാ സാഹിത്യ അഭിരുചിയുള്ളവരെ കണ്ടെത്തി അവസരവും പരിശീലനവും നല്‍കി ഉയർത്തി കൊണ്ടു വരികയും സാമൂഹിക പ്രതി ബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സാഹിത്യോത്സവിലൂടെ ലക്ഷ്യമാക്കുന്നത്.
ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ശൈഖ് അലി അൽ ഹാഷ്മി ഉത്ഘാടനം ചെയ്യും. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡണ്ട് ഫിർദൗസ് സഖാഫി കടവത്തൂർ സന്ദേശ പ്രഭാഷണം നടത്തും. സാമൂഹിക സാംസ്കാരിക വ്യവസായ പ്രമുഖർ പങ്കെടുക്കും. ഗ്ലോബൽ കലാലയം കഥ, കവിത പുരസ്‌കാര ജേതാക്കൾക്കുള്ള പുരസ്‌കാര വിതരണവും സാംസ്കാരിക സമ്മേളനത്തിൽ നടക്കും.
സംഘാടക സമിതി ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര, കൺവീനർ ഹംസ അഹ്സനി, ആർ. എസ്. സി. ഗ്ലോബൽ ചെയർമാൻ സകരിയ ശാമിൽ ഇർഫാനി, ഗ്ലോബൽ സെക്രട്ടറി മുസ്തഫ കൂടല്ലൂർ, ആർ. എസ്. സി. നാഷനൽ സെക്രട്ടറിമാരായ സിദ്ധീഖ് പൊന്നാട്, സഈദ് സഅദി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. Face Book