വാഷിംഗ്‌ടൺ: ഇന്ത്യക്കും ചൈനക്കുമെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയും ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര തർക്കങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിലാണ് ട്രംപ് വീണ്ടും വിമർശനം ഉന്നയിച്ചിരിക്കുന്നത്. അമേരിക്കയ്ക്ക് ദോഷകരമായ രീതിയിൽ വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ നിന്നും വികസ്വര രാഷ്ട്ര പദവി നേടി ഇന്ത്യയും ചൈനയും നേട്ടമുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയും ഇനിയും അമേരിക്കയിൽ നിന്ന് നേട്ടമുണ്ടാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ ഇന്ത്യ അത്യധികം ഉയർന്ന നികുതിയാണ് ചുമത്തുന്നതെന്നും കുറ്റപ്പെടുത്തി. ഇന്ത്യയെ താരിഫ് കിംഗ് എന്നാണ് അമേരിക്കൻ പ്രസിഡന്റ് വിമർശിച്ചത്.
എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് വികസ്വര രാഷ്ട്ര പദവി നൽകുന്നതെന്ന് വേൾഡ് ട്രേഡ് ഓർഗനൈസേഷനോട് അദ്ദേഹം ചോദിച്ചു. ആഗോള വ്യാപര ചട്ടത്തിൽ ഏറെ ഇളവ് ലഭിക്കുന്ന ഇന്ത്യക്കും ചൈനക്കും തുർക്കിക്കും എതിരായുള്ള വിമർശനമായിരുന്നു ഇത്.