ദുബായ് : ജനുവരി നാലിന് ഉച്ചയ്ക്ക് 12:11 മുതല്‍ 02:30 വരെ സൂര്യ ഗ്രഹണം ഉണ്ടാവും എന്ന് ദുബായ് ജ്യോതിശാസ്ത്ര സംഘം അറിയിച്ചു. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയ്ക്ക് കൂടെ സഞ്ചരിച്ച് സൂര്യനെ ഭൂമിയില്‍ നിന്നും മറയ്ക്കുന്നതിനെയാണ് സൂര്യ ഗ്രഹണം എന്ന് വിളിയ്ക്കുന്നത്. പൂര്‍ണ്ണമായി സൂര്യന്‍ മറഞ്ഞു പോവുമ്പോള്‍ ഇത് സമ്പൂര്‍ണ്ണ സൂര്യ ഗ്രഹണം എന്നും ഭാഗികമായി സൂര്യനെ മറയ്ക്കുമ്പോള്‍ ഭാഗിക സൂര്യ ഗ്രഹണം എന്നും അറിയപ്പെടുന്നു. നാളെ നടക്കുന്ന ഗ്രഹണം ഭാഗികമാണ്. ഇത് യൂറോപ്പ്, അറേബ്യന്‍ ഉപ ദ്വീപുകള്‍, വടക്കന്‍ ആഫ്രിക്ക, പൂര്‍വേഷ്യ എന്നിവിടങ്ങളില്‍ ദൃശ്യമാവും. ഇത്തരമൊരു സന്ദര്‍ഭം യു. എ. ഇ. യില്‍ ഇനി 2019ന് മാത്രമേ ഉണ്ടാവൂ.
ഇതിന്റെ ഭാഗമായി ദുബായ് മോളിലുള്ള ബുര്‍ജ് സ്റ്റെപ്സ്സില്‍ ഗ്രഹണം നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. സൂര്യ ഗ്രഹണം നേരിട്ട് കാണാന്‍ കഴിയുന്ന പ്രത്യേക കണ്ണടകള്‍ (വില : 20 ദിര്‍ഹം) ഇവിടെ ലഭ്യമാണ്. നിര്‍ദ്ദേശങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കുമായി രാവിലെ 11:30 ന് തന്നെ സ്ഥലത്ത് എത്തിച്ചേരേണ്ടതാണ്.
- ജെ.എസ്.