അബുദാബി : ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച അഞ്ച് മികച്ച സിനിമകള്‍ ഉള്‍പ്പെടുത്തി അബുദാബി കേരളസോഷ്യല്‍ സെന്റര്‍, പ്രസക്തി, നാടകസൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 16 ,17 തിയ്യതികളില്‍ അബുദാബിയില്‍ “ദൃശ്യചലചിത്രോത്സവം” സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 16 വൈകീട്ട് 8 മണിക്ക് കേരളസോഷ്യല്‍ സെന്റര്‍ മിനിഹാളില്‍, അബുദാബി ഫിലിം കോമ്പറ്റീഷന്‍ ഡയറക്ടര്‍ അലി അല്‍ ജാബ്രി ഉദ്ഘാടനം ചെയ്യും. യു. എ. ഇയിലെ പ്രശസ്ത സിനിമാസംവിധായകന്‍ സൈദ് അല്‍ ദാഹ്രി മുഖ്യാതിഥിയായിരിക്കും. ദൃശ്യ ഫെസ്റ്റിവെല്‍ ഡയക്ടര്‍ അജി രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരിക്കും. തുടര്‍ന്ന് സിംഹള സിനിമയുടെ പ്രദര്‍ശനം നടക്കും.
നടന്‍ സത്യന്റെ നൂറാം ജന്മ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് മലയാള സിനിമയുടെ ചരിത്രം വിളിച്ചോതുന്ന, പഴയകാല മലയാള സിനിമകളുടെ പൊസ്റ്റ്ര്‍ പ്രദര്‍ശനവും സംഘടിപ്പിക്കും. പോസ്റ്റര്‍ പ്രദര്‍ശനം കെ. എസ്. സി പ്രസിഡന്റ് കെ. ബി. മുരളി ഉദ്ഘാദനം ചെയ്യും. സെക്രെട്ടറി അഡ്വ: അന്‍സാരി സൈനുദ്ദീന്‍ പ്രത്യേകാതിഥിയായിരിക്കും.
ഫെബ്രുവരി 17 രാവിലെ 10 മണി മുതല്‍ ഫ്രഞ്ച്-അറബ്, റഷ്യന്‍, ഇന്ത്യന്‍ ഭാഷകളിലെ നാലുസിനിമകള്‍ പ്രദര്‍ശിപ്പിക്കും. എല്‍ലാ പ്രദര്‍ശനങ്ങളും തികച്ചും സൌജന്യമായിരിക്കും.
“മനുഷ്യ ബന്ധങള്‍, ധാര്‍മിക-നൈതിക മൂല്യങ്ങള്‍, സിനിമയില്‍ ” എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കും. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ മൊയ്ദീന്‍ കോയ വിഷയം അവതരിപ്പിക്കും. കവി കമറുദ്ദീന്‍ ആമയം, ചെറുകഥാകൃത്ത് ഫാസില്‍ , ഫൈസല്‍ ബാവ, സമീര്‍ ബാബു എന്നിവര്‍ പങ്കെടുക്കും.
മലയാള സിനിമാ ചരിത്രത്തെ പുതുതലമുറക്ക് പരിചയപ്പെടുത്തുവാനും, നല്ല സിനിമയെ പ്രോല്‍സാഹിപ്പിക്കുവാനുമാണ് മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഇത്തരം ഒരു പോസ്റ്റര്‍ പ്രദര്‍ശനവും ചല ചിത്രോല്‍സവവും സംഘടിപ്പിക്കുന്നത് എന്ന് ദൃശ്യ ഫിലിം ഫെസ്റ്റിവെല്‍ ഭാരവാഹികള്‍ അറിയിച്ചു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, സാംസ്കാരികം, സാഹിത്യം