ദുബായ്: പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ടി. എ. സുന്ദര്‍ മേനോന് അമേരിക്കയിലെ യൂറോപ്യന്‍ കോണ്ടിനെന്റല്‍ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. മൂന്ന് ദശാബ്ദ കാലമായി ഗള്‍ഫ് മേഖലയുടെ സാമ്പത്തിക വളര്‍ച്ചക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. യു. എ. ഇ., ഖത്തര്‍, പനാമ, ഇന്ത്യ എന്നിവിടങ്ങളില്‍ ബിസിനസ്സ് നടത്തുന്ന സണ്‍ ഗ്രൂപ്പ് ഇന്റര്‍നാഷ്ണലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് സുന്ദര്‍ മേനോന്‍.
ഷാര്‍ജയിലെ ഇന്ത്യന്‍ ട്രേഡ് ആന്റ് എക്സിബിഷന്‍ സെന്ററും ദുബയിലെ ഹാലി മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിസും ചേര്‍ന്ന് പാം അറ്റ്ലാന്റിസ് ഹോട്ടലില്‍ സംഘടിപ്പിച്ച കോണ്വൊക്കേഷനില്‍ ഇ. സി. യു. വിന്റെ എക്സിക്യൂട്ടീവ് ഗവര്‍ണ്ണര്‍ ജനറല്‍ പ്രൊഫ. റാല്ഫ് തോമസ്, ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ ജോഫ്രെ അര്‍തര്‍ ക്ലാര്‍ക്ക് എന്നിവരുടെ സാന്നിധ്യത്തില്‍ പ്രശസ്ത വ്യക്തികള്‍ പങ്കെടുത്ത പ്രൌഢമായ ചടങ്ങില്‍ വച്ചായിരുന്നു ബഹുമതി നല്‍കിയത്.
ഒരു ബ്രിട്ടീഷ് ഓയില്‍ കമ്പനിയില്‍ മാനേജരായി ഔദ്യോഗിക ജീവിതം ആരംഭിച്ച് പിന്നീട് സ്വപ്രയത്നം കൊണ്ട് ബിസിനസ്സില്‍ വന്‍ വിജയം നേടിയ ആളാണ് സുന്ദര്‍ മേനോന്‍. “ബിസിനസ്സില്‍ ശത്രുക്കളില്ല മത്സരാര്‍ഥികളേ ഉള്ളൂ, നന്നായി പ്രാക്ടീസ് ചെയ്ത് പോരായ്മകള്‍ പരിഹരിച്ച് ആത്മ വിശ്വാസത്തോടെയും ആത്മാര്‍ഥതയോടെയും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ വിജയിക്കും” എന്നാണ് സുന്ദര്‍ മേനോന്റെ തത്വം. വിവിധ രാജ്യങ്ങളിലായി പരന്നു കിടക്കുന്ന അദ്ദേഹത്തിന്റെ ബിസിനസ്സ് ശൃംഖലയില്‍ നൂറു കണക്കിനു പേര്‍ ജോലിയെടുക്കുന്നു. ഫോബ്സ് മാഗസിന്റെ ഗള്‍ഫ് മേഖലയില്‍ ഉള്ള മികച്ച നൂറ് ബിസിനസ്സുകാരുടെ പട്ടികയിലും അദ്ദേഹം ഇടം പിടിച്ചിട്ടുണ്ട്.
ബിസിനസ്സില്‍ മാത്രമല്ല സാമൂഹ്യ സാംസ്കാരിക രംഗത്തും തന്റേതായ സാന്നിധ്യം അദ്ദേഹം അറിയിച്ചിട്ടുണ്ട്. തൃശ്ശൂര്‍ പൂരത്തിന്റെ അണിയറക്കാരില്‍ പ്രധാനിയാണ്. പെയ്‌ന്‍ ആന്റ് പാലിയേറ്റീവ് പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കി ആതുര സേവന രംഗത്തും സജീവമാണ്. തൃശ്ശൂര്‍ അടിയാട്ട് കുടുംബാംഗമായ സുന്ദര്‍ മേനോന്റെ പിതാവ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടും സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ. ജി. എമും , ട്രെയിനിംഗ് കോളേജ് പ്രിസിപ്പലും ആയിരുന്ന എം. സി. എസ്. മേനോന്‍ ആണ്. അമ്മ ജയ മേനോന്‍. ശ്യാമളയാണ് ഭാര്യ. മക്കള്‍ സ്വാതി പ്രവീണ്‍, സഞ്ജയ് മേനോന്‍.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nri, ജീവകാരുണ്യം, ബഹുമതി, സാമൂഹ്യ സേവനം