ബാഗ്ദാദ് : ഇന്ന് നടക്കുന്ന അറബ് ഉച്ചകോടിയില്‍ സിറിയയെ സംബന്ധിച്ച ചര്‍ച്ചകളില്‍ അറബ് രാഷ്ട്രങ്ങളില്‍ വ്യത്യസ്ത നിലപാടുകള്‍ പുറത്തു വരും എന്ന് സൂചന. ഉച്ചകോടിയില്‍ സിറിയയോട് വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ ഏകകണ്ഠമായി ആവശ്യപ്പെട്ടേക്കും. എന്നാല്‍ ഒരു വര്‍ഷമായി തുടരുന്ന പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്തുന്ന നടപടി പ്രസിഡണ്ട് ബഷാര്‍ അല്‍ അസ്സാദ് നിര്‍ത്തി വെയ്ക്കും എന്ന് ആര്‍ക്കും പ്രതീക്ഷയില്ല.
എന്നാല്‍ സിറിയയില്‍ നടക്കുന്ന രക്തച്ചൊരിച്ചില്‍ തടയുന്നതിനായി എത്ര കര്‍ശനമായി ഇടപെടണം എന്ന കാര്യത്തില്‍ അറബ് രാഷ്ട്രങ്ങളില്‍ ചേരിതിരിവ് വ്യക്തമാണ്.
സുന്നി നേതൃത്വമുള്ള സൗദി അറേബ്യ, ഖത്തര്‍ എന്നീ രാഷ്ട്രങ്ങള്‍ ഇറാന്റെ ഷിയാ സ്വാധീനത്തില്‍ നിന്നും സിറിയയെ വേര്‍പെടുത്താന്‍ ശ്രമിക്കുകയാണ്. ഇതിനായി പ്രതിഷേധക്കാര്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് കൊടുത്ത് പ്രതിഷേധം ശക്തിപ്പെടുത്താന്‍ ഉള്ള ആശയത്തെ മറ്റ് അറബ് രാഷ്ട്രങ്ങള്‍ പിന്തുണയ്ക്കില്ല. അറബ് ഉച്ചകോടിക്ക് വേദി ഒരുക്കുന്ന ഇറാക്കിലെ ഷിയാ നേതൃത്വത്തിന് ഇറാനുമായി അടുത്ത ബന്ധമുള്ളതും പ്രശ്നം സങ്കീര്‍ണ്ണമാക്കുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഖത്തര്‍, സിറിയ, സൗദി അറേബ്യ