അബുദാബി : രാജ്യത്ത് ബുധനാഴ്ച (മെയ് 1) രാത്രി മുതൽ വീണ്ടും മഴ ശക്തമാവും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മാത്രമല്ല മഴക്കു മുന്നോടിയായി പൊടിക്കാറ്റ് വീശുന്നുണ്ട്. ഈ അസ്ഥിര കാലാവസ്ഥ വ്യാഴം, വെള്ളി ദിവസങ്ങളിലും തുടരും. ഇടി മിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും ചിലയിടങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടാവാൻ സാദ്ധ്യത ഉണ്ട് എന്നും ജാഗ്രതാ നിർദ്ദേശത്തോട് കൂടിയ മുന്നറിയിപ്പിൽ പറയുന്നു.
യു. എ. ഇ. യുടെ പടിഞ്ഞാറൻ മേഖലയിൽ ഒറ്റപ്പെട്ട മഴയായി തുടങ്ങി വ്യാഴാഴ്ച രാവിലെ മുതൽ മറ്റു മേഖലകളിലും മഴയും കാറ്റും ശക്തമാവും. ഈ സാഹചര്യത്തിൽ ദുബായിലെ സ്വകാര്യ സ്കൂളുകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓൺ ലൈൻ പഠനം പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവർ സംയുക്ത യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തി. ഏത് പ്രതികൂല സാഹചര്യത്തെ നേരിടാനും എല്ലാ വിധ മുന്നൊരുക്കങ്ങളും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
ഏപ്രിൽ 16 ന് രാജ്യത്തു പെയ്തതു പോലെ ഇത്തവണ അതിശക്ത മഴ ഉണ്ടാവുകയില്ല എന്നും പൊതു ജനങ്ങൾ ആശങ്കപ്പെടേണ്ടതായ സാഹചര്യം നിലവിലില്ല എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂന മർദ്ദം കാരണം യു. എ. ഇ. കൂടാതെ മറ്റു ഗൾഫ് രാജ്യങ്ങളിലും ശക്തമായ കാറ്റോടു കൂടിയ മഴ പെയ്യും എന്നും അധികൃതർ അറിയിച്ചു. Twitter
- pma